കോന്നി: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കോന്നി ഗോഡൗണിൽ നിന്ന് 800 ക്വിന്റൽ (എട്ട്ലോഡ്) അരി കാണാതായ സംഭവത്തിൽ നഷ്ടമായ അരി എവിടെക്കു കൊണ്ടുപോയെന്നോ ആർക്ക് കൈമാറിയെന്നോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗോഡൗണിൽ നിന്ന് രാത്രി വാഹനത്തിൽ അരി കടത്തുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊതുവിതരണ വകുപ്പും സപ്ലൈകോയുടെ വിജിലൻസ് വിഭാഗവും പരിശോധന നടത്തിയത്. കോന്നിയിലെ പ്രധാന ഗോഡൗണിലും തുടർന്ന് ഉപഗോഡൗണുകളിലും പരിശോധന നടത്തിയിരുന്നു. റേഷൻ കടകളിൽ എത്തിക്കുന്ന അരിയുടെ തൂക്കത്തിൽ കുറവ് കാണിക്കുമ്പോൾ അധികമായി നൽകാറുണ്ടെന്നും ഇങ്ങനെയാകാൻ കുറവ് സംഭവിച്ചെന്നുമെന്നാണ് മൂന്നു ഗോഡൗണുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥർ നൽകിയ മൊഴി. എന്നാൽ ഇവർ നൽകിയ മൊഴി അടിസ്ഥാനരഹിതമാണെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. എല്ലാ മൂന്നുമാസം കൂടുമ്പോഴാണ് താലൂക്ക് സപ്ലൈ ഓഫീസർ ഗോഡൗണിൽ എത്തി സ്റ്റോക്കും കണക്കും പരിശോധിക്കുന്നത്.

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകൾ മാത്രമുള്ള ഇവിടെ ഉദ്യോഗസ്ഥർക്ക് അപ്പുറത്തുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. തൊഴിലാളികൾ തോന്നുന്ന സമയങ്ങളിലാണ് വിതരണത്തിന് ആവശ്യമായ വസ്തുക്കൾ റേഷൻ കടകളിൽ എത്തിക്കുന്നതെന്നും റേഷൻ കടകൾ പ്രവർത്തിക്കുന്ന സമയം കഴിഞ്ഞതിന് ശേഷം രാത്രിയിലാണ് പലപ്പോഴും ഈ തൊഴിലാളികൾ സാധനങ്ങൾ കടകളിലെ ഇറക്കി കൊടുക്കുന്നതെന്നും സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റി ആരോപണം ഉന്നയിച്ചിരുന്നു.