ചെങ്ങന്നൂർ : ചെറിയനാട് പഞ്ചായത്തിൽ ആധുനിക അറവുശാല നിർമ്മാണത്തിനായി വാങ്ങിയ 54സെന്റ് ഭൂമി കാടുകയറിയിട്ട് നാളുകളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. അനധികൃത കശാപ്പ് വ്യാപകമായ സാഹചര്യത്തിൽ ആധുനിക അറവുശാല നിർമ്മിച്ച് പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ചെറിയനാട് പഞ്ചായത്തിൽ 14വർഷം മുമ്പ് 11-ാം വാർഡിലാണ് അറവുശാലയ്ക്കായി വസ്‌തു വാങ്ങിയത്. ചതുപ്പുനിലത്തിലേക്ക് എത്താൻ വഴിയില്ലാത്തതിനാൽ പദ്ധതി എങ്ങുമെത്തിയില്ല. എല്ലാ പഞ്ചായത്തുകളിലും ആധുനിക അറവുശാല വേണമെന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുണ്ട്. പഞ്ചായത്തിൽ അറവുശാല ഇല്ലാത്തതിനാൽ തിരുവല്ലയിലെ അറവുശാലയിൽ ആടുമാടുകളെ കശാപ്പു ചെയ്‌താണ് മാംസം ചെറിയനാട്ടിൽ എത്തിക്കുന്നതും വിൽക്കുന്നതും. ഇത്തരത്തിൽ ചെയ്യാനുള്ള അനുമതി മാത്രമാണ് പഞ്ചായത്ത് നൽകുന്നത്. എന്നാൽ പലയിടത്തും നിയമങ്ങൾ കാറ്റിൽപറത്തി വ്യാപകമായി അനധികൃത കശാപ്പ് തകൃതിയാണ്.
മാംസാവശിഷ്ടങ്ങൾ സംസ്ക്കരിക്കുന്നില്ല
അനധികൃത കേന്ദ്രങ്ങളിലെ മാംസാവശിഷ്ടങ്ങൾ കൃത്യമായി സംസ്ക്കരിക്കാറുമില്ല. ഇവയാകട്ടെ തെരുവ് നായ്ക്കൾക്ക് വലിച്ചിഴച്ച് പലസ്ഥലത്തും കൊണ്ടിടുന്നത് പതിവാണ്. ഇതിലൂടെ നായ്ക്കളുടെ പഞ്ചായത്തിൽ വർദ്ധിച്ചിട്ടുണ്ട്. അറവുമാലിന്യം ചാക്കിലാക്കിയാണ് തോടുകളിലും പഞ്ചായത്തിലെ മറ്റ് ജലസ്രോതസുകളിലും റോഡരികിലും നിക്ഷേപിക്കുന്നത്.
..................
അറവുമാലിന്യം ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലും താമസമില്ലാത്ത വിടുകളിലും പറമ്പുകളിലും , റോഡുകളിലും നിക്ഷേപിക്കുന്നുണ്ട്. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണണം.
(ഫാ. ബിജു തോമസ്)
....................
14 വർഷം മുൻപ് വാങ്ങിയ 54 സെന്റ് ഭൂമി കാടുകയറി