പ്രക്കാനം: സി.പി.എം പ്രക്കാനം ലോക്കൽ സമ്മേളനം ബഹളത്തെ തുടർന്ന് നിറുത്തിവച്ചു. നിലവിലുള്ള കമ്മിറ്റി അവതരിപ്പിച്ച 14അംഗ പാനൽ , സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും അംഗീകരിച്ചില്ല. പുതിയ എട്ടുപേരെ നിർദ്ദേശിച്ചതോടെ മത്സരാന്തരീക്ഷമായി. പിൻമാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. മത്സരം അനുവദിക്കില്ലെന്ന സംസ്ഥാന സമിതി തീരുമാനം പത്തനംതിട്ട ഏരിയ സെക്രട്ടറി എം. വി സഞ്ജു അറിയിച്ചെങ്കിലും പ്രതിനിധികൾ പിൻമാറാതെ വന്നതോടെ ബഹളമായി. ഇതോടെ സമ്മേളനം നിറുത്തിവച്ചു.

നിലവിലുള്ള കമ്മറ്റിക്കെതിരെ ചർച്ചയിൽ പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചു. നേതാക്കളുടെ ബി.ജെ.പി - ആർ.എസ്.എസ് ബന്ധം, മണ്ണ് വിഷയത്തിലെ താൽപ്പര്യം തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. ലോക്കൽ സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനവും റെഡ് മാർച്ചും പരാജയപ്പെട്ടതും വിമർശനത്തിനിടയാക്കി.