konni

പത്തനംതിട്ട : സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കോന്നി ഗോഡൗണിൽ നിന്ന് കടത്തിയ 800 ക്വിന്റൽ അരിയിൽ കൂടുതലും കൊണ്ടുപോയത് ചങ്ങനാശേരി ഭാഗത്തേക്കെന്ന് സൂചന. പത്തനാപുരം ആവണീശ്വരത്തേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ നീക്കം. എന്നാൽ ഇവിടെ റെയ്ഡ് ഭയന്ന് ചങ്ങനാശേരിക്ക് മാറ്റുകയായിരുന്നു. അരി സ്വകാര്യ കച്ചവടക്കാർക്ക് മറിച്ചുവിൽക്കുന്ന വൻ സംഘമാണ് സംഭവത്തിന് പിന്നിൽ. അതേസമയം രാഷ്ട്രീയ ഇടപടൽ കാരണം അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സിവിൽ സപ്ളൈസിന്റെ ആഭ്യന്തര വിജിലൻസ് സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രിയിൽ നടന്ന മോഷണത്തിന് ദൃക്സാക്ഷികളുണ്ടായിട്ടും സപ്ളൈ ഓഫീസ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഗോഡൗണിലെയും പരിസരങ്ങളിലെയും സി.സി.ടി.വികൾ പരിശോധിച്ചാൽ കടത്തിയ ലോറി കണ്ടെത്താനാകും. അന്വേഷണ സംഘം ഇതും ചെയ്തിട്ടില്ല.

കടത്തിയ അരി സ്വകാര്യ അരിക്കച്ചവടക്കാരുടെ ഗോഡൗണിൽ എത്തിച്ചതായും ചില വിവരങ്ങളുണ്ട്. കച്ചവടക്കാർ അരി കിലോയ്ക്ക് 50 മുതൽ 55 വരെ രൂപയ്ക്ക് മറിച്ച് വിൽക്കും.

കൃത്രിമ കണക്ക് ഉണ്ടാക്കി കടത്ത് മറയ്ക്കാനും നീക്കമുണ്ട്. കടത്തിയ അരി റേഷൻ കടകളു‌ടെ പേരിലാക്കി കള്ളക്കണക്ക് ഉണ്ടാക്കുകയാണ് ഇത്തരം സാഹചര്യത്തിൽ പതിവ്. ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് കൊണ്ടു പോകുന്ന അരിച്ചാക്കുകൾ പൊട്ടി അരി ചോർന്നതായി കണക്കുണ്ടാക്കും. റേഷൻകടകളുടെ സ്റ്റോക്കിൽ കുറവുണ്ടായതായി കാണിക്കും. പകരം നൽകാനെന്ന വ്യാജേനയാണ് അരി കൊണ്ടുപോയി സ്വകാര്യ കച്ചവടക്കാർക്ക് മറിച്ചു വിൽക്കുന്നത്.

റേഷൻ കടകളിലൂടെയും കടത്ത്

ചില റേഷൻ കടകളിലൂടെയും അരി കടത്തുന്നുണ്ട്. ഗോഡൗണിൽ നിന്ന് അരി ലോറിയിലേക്ക് കയറ്റുമ്പോൾ എണ്ണത്തിൽ കുറവുള്ളതായി കാണിക്കും. രണ്ടോ മൂന്നോ ചാക്ക് അധികം കയറ്റും. ഗോഡൗൺ അധികൃതരും ചുമട്ടു തൊഴിലാളികളും റേഷൻ കടക്കാരും ചേർന്ന ഒത്തുകളിയിലൂടെയാണ് ഇതുനടക്കുന്നത്. ഒരു ചാക്കിന് 1500രൂപ വീതം റേഷൻ കടക്കാർ നൽകും. അവർ 2500 രൂപയ്ക്ക് സ്വകാര്യ കച്ചവടക്കാർക്ക് മറിച്ചു വിൽക്കും.

വിഹിതം കുറഞ്ഞപ്പോൾ ഒറ്റി

കോന്നി ഗോഡൗണിൽ നിന്ന് അരി കടത്തിയത് ചില ചുമട്ടു തൊഴിലാളികളു‌ടെ അറിവോടെയാണ്. കടത്തിയവർ ഒരാൾക്ക് 20,000രൂപ വീതം രണ്ടു തൊഴിലാളികൾക്ക് നൽകി. ഇതു കണ്ട് മൂന്ന് പേർ കൂടി എത്തിയപ്പോൾ അവർക്ക് 10000രൂപ വീതമാണ് കിട്ടിയത്. തുക കുറഞ്ഞവർ ഒറ്റിയതോടെയാണ് സംഭവം പുറത്തിറിഞ്ഞത്.

റിപ്പോർട്ട് നൽകി

അരി മോഷണം അന്വേഷിച്ച ആഭ്യന്തര വിജിലൻസ് ടീം സിവിൽ സപ്ളൈസ് കമ്മിഷണർക്കും സപ്ളൈക്കോ എം.ഡിക്കും റിപ്പോർട്ട് സമർപ്പിച്ചു. ഗോഡൗൺ മാനേജരെയും സഹായിയെയും സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന.

33.60ലക്ഷം നഷ്ടം

കോന്നിയിലെ 800ക്വിന്റൽ റേഷനരി മോഷണം പോയതിലൂടെ സിവിൽ സപ്ളൈസിനുണ്ടായത് 33.60 ലക്ഷം രൂപയുടെ നഷ്ടം. ഒരു കിലോയ്ക്ക് 42രൂപയാണ് കണക്കാക്കുന്നത്. ഡിപ്പോ മാനേജർ, സഹായി എന്നിവരിൽ നിന്ന് തുക തിരിച്ചുപിടിച്ച് നഷ്ടം നികത്താനുള്ള മാർഗമാണ് അധികൃതർ കാണുന്നത്.