തിരുവല്ല : മണിമലയാറിന് കുറുകെ പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന കോൺകോഡ് പാലത്തിന്റെ നിർമ്മാണ ജോലികൾ നീളുന്നു. പാലത്തിന്റെ ഇരുവശങ്ങളിലും അപ്പ്രോച്ച് റോഡ് ഉൾപ്പെടെ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായെങ്കിലും ഭൂഉടമകൾക്ക് ഇതുവരെയും വില നൽകിയിട്ടില്ല. തിരുവല്ല താലൂക്കിലെ പെരിങ്ങര, കുട്ടനാട് താലൂക്കിലെ മുട്ടാർ പഞ്ചായത്തുകളിലായി അപ്രോച്ച് റോഡ് നിർമ്മിക്കാൻ 74 സെന്റ് സ്ഥലമാണ് ഇരുവശങ്ങളിലുമായി ഏറ്റെടുക്കുന്നത്. ഇതിനായി മൂന്ന് കോടിയോളം രൂപ ഭൂഉടമകൾക്ക് നൽകണം. പത്തനംതിട്ടയിലെ ആറുപേരുടെയും ആലപ്പുഴയിലെ രണ്ടുപേരുടെയും സ്ഥലങ്ങൾ ഏറ്റെടുക്കാൻ അതിരുകല്ലുകളും സ്ഥാപിച്ചു. ഇവിടുത്തെ സെന്റ് ജോർജ്ജ് ചാപ്പലിന്റെ സ്ഥലവും മറ്റ് ഭൂഉടമകളുടെ സ്ഥലങ്ങളും വിട്ടുനൽകാൻ ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചകളിൽ ധാരണയായിരുന്നു. 2013ലെ സ്ഥലം ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരം ന്യായവില നിർണയിച്ച് ഭൂഉടമകൾക്ക് നൽകണം. ഭൂമിയുടെ രേഖകൾ നൽകുമ്പോൾ നിശ്ചയിച്ച വില കൈമാറാനും രേഖകൾ കൈമാറാൻ സാവകാശം ആവശ്യമുള്ളവരുടെ ഭൂമിവില കോടതിയിൽ കെട്ടിവയ്ക്കുകയും രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് പണം കൈമാറാനും ഭൂഉടമകളുമായി ധാരണയായിട്ടുണ്ട്.
കരാർ നടപടി നീളും
ഭൂഉടമകളുടെ പണം നൽകി സ്ഥലം ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കിയശേഷം പാലത്തിന്റെ പ്ലാനിൽ ആവശ്യമായ ഭേദഗതികൾ വരുത്തി അന്തിമരൂപം തയാറാക്കണം. തുടർന്ന് പാലത്തിന്റെ സാങ്കേതിക അനുമതിയും ലഭിച്ച ശേഷമെ ടെൻഡർ നടപടികളിലേക്ക് കടക്കാനാകൂ. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15കോടി രൂപയാണ് പാലത്തിന് അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭിച്ചശേഷം തിരുവനന്തപുരം സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠനവും നടത്തിയിരുന്നു.
.............................................
നിർമ്മാണത്തിന് തടസം തുക അനുവദിച്ച് കിട്ടാത്തത്
പാലത്തിന്റെ നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തെ സാമഗ്രികൾ നീക്കം ചെയ്യാനുള്ള ചെലവ് നൽകാമെന്നും ജൂലൈയിൽ നടന്ന യോഗത്തിൽ ഭൂഉടമകളെ അറിയിച്ചിരുന്നു. വിട്ടുനൽകുന്ന ഭൂമിയുടെ വിലനിർണ്ണയം സംബന്ധിച്ച പാക്കേജ് ഉടമകൾക്ക് സ്വീകാര്യമായി. ഇതുസംബന്ധിച്ച റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പ് സർക്കാരിലേക്ക് നൽകിയെങ്കിലും തുക അനുവദിച്ച് കിട്ടാത്തതാണ് പ്രധാന തടസം. ഇതുകാരണം ഭൂമി ഏറ്റെടുക്കൽ ജോലികൾ പൂർത്തിയാകാതെ നീണ്ടുപോകുകയാണ്.
.................
പാലത്തിന് അനുവദിച്ചിരിക്കുന്നത് 15 കോടി
ഏറ്റെടുത്ത് 74 സെന്റ് സ്ഥലം
ഭൂഉടമകൾക്ക് നൽകേണ്ടത് 3 കോടി