v

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രധാന അദ്ധ്യാപകർക്കെല്ലാം തലവേദനയുണ്ടാക്കുന്ന പണിയാണ്. സ്കൂളുകളുടെ ദൈനംദിന പ്രവർത്തനത്തേക്കാളും കുട്ടികളെ കണ്ടെത്തുന്നതിനേക്കാളും വലിയ വെല്ലുവിളി ഉച്ചഭക്ഷണ പദ്ധതിയാണ് എന്നാണ് ഈ മേഖലയിലുള്ള പലരുടെയും അഭിപ്രായം. സർക്കാരിൽ നിന്ന് പണം സമയത്ത് കിട്ടുകയില്ലെന്നു മാത്രമല്ല കൈയിൽ നിന്ന് പണം മുടക്കി പദ്ധതി നടത്തിക്കൊണ്ടുപോകണം. സർക്കാർ വിഹിതം യഥാസമയം ലഭിക്കാത്തത് പദ്ധതിയെ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപക സംഘടനകൾ പലവട്ടം സർക്കാരിനോട് പരാതി പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ അദ്ധ്യാപകർ കോടതിയെ സമീപിക്കേണ്ടി വന്നു. കോടതി കുടയുമെന്നായപ്പോൾ സർക്കാർ പുതിയ അടവു നയം സ്വീകരിച്ചിരിക്കുകയാണ്.

വർദ്ധിക്കുന്ന

ജോലിഭാരം

ഉച്ചഭക്ഷണ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനദ്ധ്യാപകരുടെ ജോലിഭാരം കുറക്കാൻ പുതിയ നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതി നടത്തിപ്പിന് ജില്ല ബ്ലോക്ക് തല മോണിറ്ററിംഗ് സമിതി രൂപീകരിക്കാനാണ് സർക്കാർ ഉത്തരവ്. ഭക്ഷണസാമഗ്രികൾ സ്‌കൂളിലെത്തിക്കാനുള്ള ചുമതല ഉച്ചഭക്ഷണ കമ്മിറ്റിക്കാണെന്നും പ്രധാനദ്ധ്യാപകനെ സഹായിക്കാൻ രണ്ട് അദ്ധ്യാപകരെ നിയമിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ പി.ടി.എ പ്രസിഡന്റ് ചെയർമാനും പ്രധാന അദ്ധ്യാപകൻ കൺവീനറുമായ സ്‌കൂൾ തല കമ്മിറ്റിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ഈ കമ്മിറ്റിയെ സഹായിക്കാൻ ഇനി മുതൽ ജില്ല ബ്ലോക്ക് തല മോണിറ്ററിംഗ് സമിതികളുണ്ടാകും. ജില്ല കളക്ടർ ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ കൺവീനറുമായാണ് ജില്ലാതല സമിതി രൂപീകരിക്കേണ്ടത്. ജില്ലയിലെ പദ്ധതി നടത്തിപ്പ് ഏകോപനമാണ് സമിതിയുടെ ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കൺവീനറുമായാണ് ബ്ലോക്ക് മോണിറ്ററിംഗ് സമിതി രൂപീകരിക്കേണ്ടത്. ഭക്ഷ്യവസ്തുക്കൾ സ്‌കൂളിൽ എത്തിക്കാൻ ക്രമീകരണം ഒരുക്കേണ്ടത് സ്‌കൂൾ തല കമ്മിറ്റിയാണ്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാന അദ്ധ്യാപകനെ സഹായിക്കാൻ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി രണ്ട് അദ്ധ്യാപകരെ വരെ നിയമിക്കാം. ഇതിന് പ്രധാന അദ്ധ്യാപകന് അധികാരം നൽകിയിട്ടുണ്ട്. രണ്ട് അദ്ധ്യാപകരുണ്ടെങ്കിൽ ഒരാൾ രജിസ്റ്ററുകളും ബില്ലുകളും കൈകാര്യം ചെയ്യണം. മറ്റേയാൾ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കണം. ഫണ്ട് ഇല്ലെങ്കിൽ സ്‌കൂളിൽ ലഭ്യമായ ഏത് ഫണ്ടും ഉപയോഗിക്കാനും അനുമതിയുണ്ട്.

സംഗതി റിപ്പോർട്ടിൽ കൊള്ളാമെങ്കിലും കൂനിൻമേൽ കുരു എന്നപോലെ പ്രധാന അദ്ധ്യാപകരുടെ ജോലി ഒന്നുകൂടി ഇരട്ടിപ്പിക്കുന്നതാണ് സർക്കാർ നിർദേശം. മോണിറ്ററിംഗ് സമിതി എന്നാൽ മേൽനോട്ടത്തിനുള്ള ഒരു സമിതിയെന്നാണ് പൊതുവായി പറയുന്നത്. അങ്ങനെയെങ്കിൽ പ്രധാന അദ്ധ്യാപകർക്കു മേൽ ഒരു നിയന്ത്രണം മോണിറ്ററിംഗ് കമ്മറ്റിക്കുണ്ടാകും. തൊട്ടതിനും പിടിച്ചതിനുമൊക്കെ മോണിറ്ററിംഗ് സമിതിക്കു മുൻപാകെ മറുപടി പറയേണ്ട അധിക ഉത്തരവാദിത്വമാണ് പ്രധാന അദ്ധ്യാപകരുടെ ചുമലിൽ വരാൻപാേകുന്നത്. സർക്കാരിൽ തുക ലഭിക്കാൻ വൈകുമെങ്കിലും കുഞ്ഞുങ്ങളെയോർത്ത് സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കിയാണ് പല പ്രധാന അദ്ധ്യാപകരും ഉച്ചക്കഞ്ഞി പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. മോണിറ്ററിംഗ് സമിതി പദ്ധതി നടത്തിപ്പിന്റെ ഫണ്ട് കണ്ടെത്തില്ല. സ്കൂളിൽ നിന്ന് തന്നെ ഫണ്ട് കണ്ടെത്താനാണ് സർക്കാർ നിർദേശം. അതില്ലെങ്കിൽ സ്കൂളുമായി ബന്ധപ്പെട്ട് മറ്റ് ഏതെങ്കിലും ഫണ്ട് കണ്ടെത്തണമെന്നും പറയുന്നു. സ്കൂളുകൾക്ക് അങ്ങനെ പ്രത്യേക ഫണ്ടൊന്നുമില്ല. പഞ്ചായത്തുകൾ പല പദ്ധതികളുടെയും ഫണ്ടുകൾ വകമാറ്റി മറ്റു പദ്ധതികൾക്ക് ഉപയോഗിക്കാറുണ്ട്.

ജോലി ഭാരമില്ലെന്ന്

സമർത്ഥിക്കാൻ നീക്കം

സ്‌കൂൾ പ്രധാന അദ്ധ്യാപകർക്ക് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജോലി ഭാരം കുറക്കാനല്ല, ജോലിഭാരമില്ലെന്ന് സമർത്ഥിക്കാനാണ് ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സർക്കാറിന് ഇക്കാര്യം ബോധിപ്പിക്കാനാവും. പദ്ധതി നടത്തിപ്പ് പ്രധാന അദ്ധ്യാപകരിൽ നിന്നു മാറ്റി തദ്ദേശ സ്ഥാപനങ്ങളെയോ മറ്റ് ഏജൻസികളെയോ ഏൽപ്പിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. പദ്ധതി നടത്തിപ്പിന്റെ ചുമതല പ്രധാന അദ്ധ്യാപകർക്കല്ല, ഉച്ചഭക്ഷണ കമ്മിറ്റിക്കാണെന്നാണ് സർക്കാർ വാദം. സഹായത്തിന് ജില്ല ബ്ലോക്ക്തല സമിതികൾ കൂടി ഉള്ളതിനാൽ പ്രധാന അദ്ധ്യാപകന് അധികഭാരമില്ലെന്ന് കോടതിയിൽ വാദിക്കാനാവും. ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള ചുമതല ഉച്ചഭക്ഷണ കമ്മിറ്റിക്കാണെന്നാണ് ഉത്തരവിൽ പറയുന്നത്. ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതും പണം നൽകുന്നതും പ്രധാന അദ്ധ്യാപകരാണ്.

പ്രധാന അദ്ധ്യാപകനെ സഹായിക്കാൻ രണ്ട് അദ്ധ്യാപകരെ നിയമിക്കാമെന്ന നിർദ്ദേശവും പ്രായോഗികമല്ലന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അദ്ധ്യാപകർക്ക് ഉച്ചഭക്ഷണചുമതല നൽകുന്നത് സ്‌കൂളിന്റെ അക്കാഡമിക നിലവാരത്തെ ബാധിക്കുമെന്ന് സംഘടന നേരത്തെ പറയുന്നതാണ്. രണ്ട് അദ്ധ്യാപകർ കൂടി മാറി നിന്നാൽ പഠനം പാതിവഴിയിലാവും. ചെലവിനുള്ള ഫണ്ട് മുൻകൂറായി നൽകുമെന്ന രീതിയിലാണ് ഉത്തരവിൽ പറയുന്നത്. ഇതും ശരിയല്ല. ലഭ്യമായ ഏത് ഫണ്ടും ഉപയോഗിക്കാമെന്ന് നിർദേശിക്കുമ്പോൾ ഏത് ഫണ്ടാണ് സ്‌കൂളിലുള്ളെതന്ന് കൂടി വ്യക്തമാക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജു തോമസും ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിലും ആവശ്യപ്പെടുന്നു.

ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധികൾ ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നാണ് സർക്കാർ നീക്കം വ്യക്തമാക്കുന്നുത്. പ്രധാന അദ്ധ്യാപകർക്ക് വീണ്ടും കുരുക്കാകുന്നതാകും മോണിറ്ററിംഗ് സമിതിയുടെ രൂപീകരണം.