kaipattoor-mela-
കൃഷി അറിവിനായി ഇളമണ്ണൂർ വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ മേളയിൽ ഒരുക്കിയ പ്രദർശനം

കൈപ്പട്ടൂർ: വരാൻ പോകുന്നത് കാർഷിക വിപ്ലവത്തിന്റെ നാളുകളാണെന്ന് തിരച്ചറിഞ്ഞ് കൃഷി മാത്രമല്ല കാർഷിക ഉത്പ്പന്നങ്ങളുടെ വിപണനവും എങ്ങനെ ചെയ്യണമെന്ന തിരിച്ചറിവ് നൽകുകയാണ് ഇളമണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ. വിവിധ ഇനം പച്ചക്കറി തൈകൾ, വളങ്ങൾ, കീടനാശിനികൾ, മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവുമാണ് ഇവർ വൊക്കേഷണൽ എക്സ്‌പോയിൽ ഒരുക്കിയത്. വിദ്യാർത്ഥികൾ തന്നെ ഒരുക്കിയ പച്ചമുളക്, വഴുതന, കോളിഫ്‌ളെവർ, ചീര തുടങ്ങിയ പച്ചക്കറി തൈകൾ, അലങ്കരച്ചെടികൾ തുടങ്ങിയവ സ്റ്റാളിൽ നിരന്നിരുന്നു. കൂടാതെ ശുദ്ധമായ പനിനീര്, പത്ത് മാസം വരെ കേടാകാതെ ഇരിക്കുന്ന ജൈവ വളം, വെർമി കമ്പോസ്റ്റ്, അമിനോ ആസിഡ്, കുറഞ്ഞ നിരക്കിലുള്ള ഇൻസെക്ട് ട്രാപ്പ് തുടങ്ങിയവയെല്ലാം ഇവർ സജ്ജമാക്കിയിരുന്നു. സ്‌കൂളിലെ ഫ്‌ളൊറി കൾച്ചറിസ്റ്റ്, ഓർഗാനിക് ഗ്രോവർ കോഴ്സുകളിലെ വിദ്യാർത്ഥികളായ എസ്.ആദിത്യൻ, പി.എ രാജ്സൂനു, മുഹമ്മദ് നദീർ, അൽസാബിത്ത് നിസാർ, എം.അർജുൻ എന്നിവരാണ് മേളയിൽ വിപണന സാദ്ധ്യത പ്രദർശനവുമായി എത്തിയത്. അദ്ധ്യാപകരായ ബി.ലക്ഷമി, വി.ശ്രീജ, വി.ഇന്ദു, സി.ഡി.ശ്രീജ എന്നിവരും പിന്തുണയുമായി വിദ്യാർത്ഥികൾക്കൊപ്പമുണ്ട്.