 
അടൂർ : അടൂർ താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ പള്ളിക്കൽ പഞ്ചായത്തിന്റെ ഉൾ പ്രദേശങ്ങളിൽ ബസ് സർവീസ് ഇല്ലാത്തത് സാധാരണക്കാരെ വലയ്ക്കുന്നു. കൊവിഡ് കാലത്തിനു മുൻപ് പത്തോളം സർവീസുകൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു പള്ളിക്കൽ. പള്ളിക്കൽ പഞ്ചായത്തിന്റെ ഹൃദയഭാഗമായ തെങ്ങമം ജംഗ്ഷനിൽ കൂടിയായിരുന്നു ബസ് സർവീസുകളിൽ അധികവും. അടുത്തകാലത്തായി തുടങ്ങിയ തെങ്ങമം തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ദിവസവും രാവിലെ തിരുവനന്തപുരത്തേക്കും വൈകിട്ട് തിരിച്ചും സർവീസ് നടത്തുന്നതാണ് ഏക ആശ്വാസം. കൂടാതെ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിൽ കൂടി നാല് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പള്ളിക്കൽ ആനയടി റോഡ് നിർമ്മാണം മുടങ്ങിയാണ് ചില സർവീസുകൾ നിറുത്താൻ കാരണം കൊവിഡ് കാലത്ത് നിറുത്തലാക്കിയ പള്ളിക്കൽ ആനയടി റൂട്ടിലെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
എങ്ങുമെത്താതെ ഗ്രാമവണ്ടി സർവീസ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമവണ്ടി പദ്ധതി വഴി കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുവാൻ കെ.എസ്.ആർ.ടി.സിക്ക് സാധിക്കും. എന്നാൽ ഗ്രാമവണ്ടി പദ്ധതിയിലെ ബസ് സർവീസുകളുടെ ഇന്ധന ചെലവ് തനത് ഫണ്ട് സ്ഥിതി അനുസരിച്ച് ഗ്രാമപഞ്ചായത്തിന് തത്കാലം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. ഇന്ധന ചെലവിന്റെ പകുതിയെങ്കിലും സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ആദ്യം പഞ്ചായത്തിന്റെ ആവശ്യം. കൂടാതെ പള്ളിക്കൽ പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും സഞ്ചരിക്കുന്ന വെള്ളച്ചിറ സർക്കുലർ സർവീസ് ആരംഭിക്കുന്നതിന് പെർമിറ്റ് അനുവദിക്കുന്നതിനായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുള്ളതായി പൊതുപ്രവർത്തകനായ രാമാനുജൻ കർത്തായുടെ ചോദ്യത്തിന് മറുപടിയായി പഞ്ചായത്ത് അധികൃതർ പറയുന്നു.
...........................................
വർഷങ്ങളായി യാത്രാക്ലേശം അനുഭവിക്കുകയാണ് പള്ളിക്കൽ നിവാസികൾ. അടിയന്തരമായി ബസ് സർവീസുകൾ അനുവദിച്ച് പ്രശ്നപരിഹാരം കാണണം.
രാമനുജൻ കർത്താ
(പൊതു പ്രവർത്തകൻ)
കൊവിഡിന് മുൻപ് 10 സർവീസുകൾ നടത്തിയിരുന്നു