പത്തനംതിട്ട : നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി എൽ.ഡി.എഫിലെ അനില അനിൽ തിരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സണായിരുന്ന ഇന്ദിരാ മണിയമ്മയുടെ നിര്യാണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. രണ്ട് എൽ ഡി എഫ്, രണ്ട് യു ഡി എഫ് എന്നിങ്ങനെയാണ് കമ്മിറ്റിയിലെ കക്ഷിനില. എൽ.ഡി.എഫിലെ അനില അനിലും യു.ഡി.എഫിലെ ആനി സജിയും തമ്മിലാണ് മത്സരം നടന്നത്. ഇരുവരും രണ്ട് വീതം വോട്ടു നേടിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് അനില അനിൽ തിരഞ്ഞെടുക്കപ്പെട്ടത്.
എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരത്തിൽ വിജയാഹ്ലാദപ്രകടനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം.വി സഞ്ജു യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ.അജിത് കുമാർ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്, കൗൺസിലർമാരായ ശോഭ കെ.മാത്യു, ലാലി രാജു, പൊതുപ്രവർത്തകരായ പി. വി. അശോക് കുമാർ, സക്കീർ അലങ്കാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.