
പത്തനംതിട്ട : കൊതിയൂറുന്ന വിഭവങ്ങൾ ഒരുക്കി ജില്ലാ സ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ ക്ലാസ്സ് മുറികളെ വിദ്യാർത്ഥികൾ പാചക പരീക്ഷണശാലകളാക്കി . പോഷക സമൃദ്ധമായ ആഹാരം പാകം ചെയ്യുന്നതിൽ ആൺ, പെൺ വ്യത്യാസമില്ലാതെ പരസ്പരം മത്സരിച്ചു. വിവിധ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വ്യത്യസ്തവും സ്വാദിഷ്ടവും ഇതുവരെ കേൾക്കാത്തതുമായ വിഭവങ്ങൾ മേശകളിൽ നിരന്നു. തെങ്ങിന്റെ ഓലക്കാൽ ദോശയും വാഴക്കൂമ്പ് ബജ്ജിയും മുക്കൂറ്റി കറിയും തേങ്ങ പൊങ്ങ് മസാലയും നക്ഷത്രപുളി സ്‌ക്വാഷും വിവിധ തരം ദോശകളും സ്‌ക്വാഷുകളും പയർ വിഭവങ്ങളും അടക്കം എണ്ണിയാലൊടുങ്ങാത്ത ഭക്ഷണ സാധനങ്ങൾ ഓരോ മത്സരാർത്ഥികളും തയ്യാറാക്കി. ഭക്ഷണ സാധനങ്ങൾ മനോഹരമായി അലങ്കരിച്ചാണ് പ്രദർശനത്തിനായി ഒരുക്കിയത്.