 
കോന്നി : വന്യമൃഗശല്യം രൂക്ഷമായ കൂടൽ ഇഞ്ചപ്പാറ പാക്കണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടങ്ങി. ഇന്നലെ രാവിലെ 7നാണ് കൂട്ടിൽ പുലിയെ കണ്ടത്. വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചതോടെ മൂന്നുമാസം മുമ്പാണ് കൂട് സ്ഥാപിച്ചത്. കൂട്ടിൽ കുടുങ്ങിയ പെൺപുലിക്ക് നാലുവയസോളമുണ്ട്. ഇഞ്ചപ്പാറ പാക്കണ്ടത്ത് റബർത്തോട്ടത്തിലാണ് കൂട് സ്ഥാപിച്ചിരുന്നത്. കോന്നി വനം ഡിവിഷനിലെ നടുവത്തുമുഴി റേഞ്ചിൽ പെട്ട വനമേഖലയുടെ ചേർന്ന് പ്രദേശമാണിത്. പ്രദേശത്ത് പലതവണ നാട്ടുകാർ പുലിയെ കണ്ടിരുന്നു. നടുവത്തൂം മൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഡി.അരുൺ, പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.അനിൽകുമാർ, കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ദിൻസ് എന്നിവർ സ്ഥലത്തെത്തി പുലിയെ വാഹനത്തിൽ കയറ്റി ഗവിക്കടുത്തുള്ള കക്കി വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു.
കുടുങ്ങിയത്  മൂന്നുമാസം മുമ്പ് സ്ഥാപിച്ച  കൂട്ടിൽ
കോന്നി : കൂടൽ ഇഞ്ചപ്പാറ പാക്കണ്ടത്ത് പുലി കുടങ്ങിയത് മുന്നു മാസങ്ങൾക്കു മുമ്പ് സ്ഥാപിച്ച കൂട്ടിൽ. പ്രദേശത്ത് വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പാക്കണ്ടത്തെ റബർത്തോട്ടത്തിൽ വനംവകുപ്പ് രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ ഒന്നിലാണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. കഴിഞ്ഞ ജൂലായിൽ രണ്ട് ആടുകളെ കടിച്ചു കൊന്നിരുന്നു. പാക്കണ്ടം വള്ളിവിളയിൽ രണേന്ദ്രന്റെ വീട്ടിലെ ആടുകളെയാണ് രാത്രി പുലി വീടിന് സമീപത്തെ കൂട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത്. ഇഞ്ചപ്പാറ മഠത്തിലേത്ത് ബാബുവിന്റെ വീട്ടിലെ കാലിത്തൊഴുത്തിൽ നിന്ന് പശുവിനെ കടിച്ചുകീറി കൊന്നു. ഇവിടെ വനപാലകർ ഉൾപ്പെടെയുള്ളവർ പുലിയെ അന്ന് കണ്ടിരുന്നു.
പിന്നീടാണ് ഇഞ്ചപ്പാറ - നെടുമൺകാവ് ഭാഗത്തും പുലിയെ ആളുകൾ കണ്ടത്. പാക്കണ്ടം അശ്വതി ഭവനിൽ പവൻകുമാറിന്റെ വീട്ടിലെ മൂരിക്കിടാവിനെയും പാക്കണ്ടത്തിൽ മുരുകന്റെ വീട്ടിലെ ആടുകളെയും മുൻപ് പുലി പിടിച്ചിരുന്നു.
മൂന്ന് മാസം മുമ്പ് പാക്കണ്ടം
പാറയുടെ മുകളിൽ
കോന്നി : കഴിഞ്ഞ ജൂലായ് 22ന് വൈകിട്ട് 6.30ന്പാക്കണ്ടത്ത് പാറയുടെ മുകളിൽ പുലി നിൽക്കുന്ന ദൃശ്യം നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പാക്കണ്ടം നിരവേൽ മനോജിന്റെ ഭാര്യയും മകനുമാണ് പുലിയെ കണ്ടത്. കൂടൽ രാക്ഷസൻപാറയുടെ ഭാഗമായ ആനപ്പാറയുടെ മുകളിൽ പുലി നിൽക്കുന്ന വീഡിയോ ദൃശ്യമാണ് ലഭ്യമായത്.  വനപാലകസംഘവും കോന്നിയിൽ നിന്ന് എത്തിയ സ്ട്രൈക്കിംഗ് ഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. പാറയുടെ മുകളിൽ അന്ന് ക്യാമറ സ്ഥാപിച്ചു.
ക്യാമറയിൽ കുടുങ്ങാത്തവൾ
കോന്നി : രണ്ടുവർഷം മുമ്പ് കലഞ്ഞൂരിൽ ഭീതി പടർത്തിയ പുലിയെ പിടികൂടാൻ വനംവകുപ്പ് ഡ്രോൺ നിരീക്ഷണവും തെരച്ചിലും ശക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ അന്ന് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. പാക്കണ്ടം, കാരക്കകുഴി മേഖലകളിൽ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും പുലി കൂടിന് സമീപം എത്തിയില്ല. ഡ്രോൺ ക്യാമറ ഉപയോഗിച്ചും തെരച്ചിൽ ശക്തമാക്കിയിരുന്നു. ചെന്നൈ ആസ്ഥാനമായ സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഡ്രോൺ ക്യാമറ തെരച്ചിൽ നടത്തിയത്. അഞ്ച് കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ ക്യാമറ രാത്രിയിലും ദൃശ്യങ്ങൾ ചിത്രീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശോധന നടന്നത്. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെയും കോന്നി സ്ട്രൈക്കിംഗ് ഫോഴ്സിന്റെയും പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെയും നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കിയെങ്കിലും പുലി തിരികെ വനത്തിൽ പ്രവേശിച്ചതായാണ് വനം വകുപ്പ് അന്ന് കണക്കുകൂട്ടിയിരുന്നത്. അന്ന് എട്ട് സ്ഥലങ്ങളിൽ ട്രാപ് ക്യാമറകളും ഇഞ്ചപ്പാറയിലും കാരക്കകുഴിയിലും കൂടുകളും സ്ഥാപിച്ചിരുന്നു. കുടപ്പാറയിൽ ആദ്യം കണ്ട പുലിയെ പിന്നീട് ഇഞ്ചപ്പാറയിലും മുറിഞ്ഞകല്ലിലും കാരക്കകുഴിയിലും വാഴത്തോട്ടം ഭാഗത്തും കണ്ടെങ്കിലും പിന്നീട് കണ്ടെത്താനായില്ല.