അടൂർ : വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡ്ഡിലെ തടിഉരുപ്പടിയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിരവധി സാധന സാമിഗ്രികൾ കത്തി നശിച്ചു. വടക്കടത്തുകാവിൽ പത്മോസ് വീട്ടിൽ രാജന്റെ വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡ്ഡിനാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന പെയിന്റ്, ടിന്നർ എന്നിവയും കത്തിനശിച്ചു. ഷെഡ്ഡിനോട് ചേർന്നുള്ള കിടപ്പുമുറിയിലേയ്ക്കും തീപടർന്ന് മെത്ത, കട്ടിൽ, തുണികൾ, അലമാര എന്നിവയും കത്തിനശിച്ചു. അടൂരിൽ നിന്നുളള അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. തടി ഉരുപ്പടികളുടെ നിർമ്മാണം നടക്കുന്ന മോട്ടോറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ്തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം പത്തുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അടൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ, സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫ്, ഓഫീസർമാരായ സാനിഷ്, ശ്രീജിത്ത്, സന്തോഷ് ജോർജ്, രാഹുൽ പ്രശോബ്, അഭിലാഷ്, സുരേഷ് കുമാർ, മോനച്ചൻ,സിവിൽ ഡിഫൻസ് അംഗം ജ്യോതി എന്നിവർ പങ്കെടുത്തു.