പത്തനംതിട്ട: കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്‌സ് മഹാഇടവകയുടെ കുരിശടിയുടെ സുവർണ ജൂബിലി ആഘോഷവും പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും നാളെയും മറ്റന്നാളുമായി നടക്കും. നാളെ വൈകിട്ട് 5.45 ന് സന്ധ്യാ നമസ്‌കാരത്തിന് മലങ്കര വലിയ മെത്രാപ്പൊലീത്ത കുറിയാക്കോസ് മാർ ക്ലിമ്മീസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന സുവർണജൂബിലി സമ്മേളനം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ജോർജ് പ്രസാദ് അദ്ധ്യക്ഷത വഹിക്കും. വിവിധ ചാരിറ്റി ഫണ്ടുകൾ യോഗത്തിൽ വിതരണം ചെയ്യും. ഇടവകയുടെ മുൻ വികാരിമാരെയും കുരിശടിക്ക് ഭൂമി നൽകിയ എം.ജി. ബേബിയേയും ആദരിക്കും. ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഫാ. ജോബ് സാം മാത്യു വചന പ്രഘോഷണം നടത്തും. പ്രാർത്ഥന, ശ്ലൈഹികവാഴ്‌വ, സ്‌നേഹവിരുന്ന് എന്നിവ നടക്കും. 3ന് രാവിലെ എട്ടിന് ഇടവക പളളിയിൽ നടക്കുന്ന കുർബാനയ്ക്ക് ഡോ. മാത്യൂസ് മാർ തേവോദോസിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. കുരിശടിയിലേക്ക് കത്തിച്ച മെഴുകുതിരികളുമായി പ്രദക്ഷിണം നടക്കും. വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോർജ് പ്രസാദ്, ജനറൽ കൺവീനർ സജു മാത്യു, റോബിൻ തോളൂർ, റെജി വാളാക്കോട്ട് എന്നിവർ പങ്കെടുത്തു.