
പത്തനംതിട്ട ജില്ല ഇന്ന് നാൽപ്പത്തിമൂന്നാം പിറന്നാളിന്റെ മധുരം നുകരും. വികസന വഴിയിൽ കുതിച്ചും കിതച്ചുമാണ് ജില്ലയുടെ മുന്നോട്ടുള്ള പോക്ക്. പ്രവാസികളും കർഷകരും കലാകാരൻമാരും ഏറെയുള്ള, ആത്മീയതയുടെ വെളിച്ചം തൂവുന്ന നാടിന്റെ വിവിധ മേഖലകളിലെ സ്ഥിതികളേക്കുറിച്ച് ഒരന്വേഷണം....
ജില്ലാ ആസ്ഥാനത്ത് ആദ്യ മേൽപ്പാലം
2021 ഡിസംബർ 13ന് നിർമ്മാണോദ്ഘാടനം നടന്ന അബാൻ മേൽപ്പാലം ജില്ലയുടെ വരും നാളിന്റെ പ്രതീക്ഷയാണ്. ഇരുപത്തൊന്നു തൂണുകളിലായി ഇരുപത് സ്ലാബാണ് മേൽപ്പാലത്തിനുള്ളത്. 611.8 മീറ്റർ നീളം മേൽപ്പാതയ്ക്കുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല. കിഫ് ബി പദ്ധതിയിൽ 46.50 കോടി മുടക്കിയാണ് നിർമ്മാണം.
കോഴഞ്ചേരി പുതിയ പാലം
2018ൽ ആരംഭിച്ച കോഴഞ്ചേരി പാലംപണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. പിന്നീട് നിരവധി കരാറുകൾ മാറി മറിഞ്ഞു. നിർമ്മാണം കാലാവധി 2025 മേയിൽ അവസാനിക്കും. അറുപത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്.
കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ ഉണ്ടാകും. മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി അപ്രോച്ച് റോഡിന് സമീപം നടവഴികളും ഒരുക്കും.
13.51കോടി ചെലവിൽ റെയിൽവേ നവീകരണം
തിരുവല്ല: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസിപ്പിക്കുന്നത് ജില്ലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും. കേന്ദ്രസഹായത്തോടെ 13.51കോടി ചെലവഴിച്ചാണ് സ്റ്റേഷന്റെ വികസനം നടത്തുന്നത്. ജില്ലയുടെ തീർത്ഥാടന, ടൂറിസം മേഖലയുടെ വികസനത്തിന് തിരുവല്ല സ്റ്റേഷൻ നവീകരണം മുതൽക്കൂട്ടാകും.
ണ്. സ്റ്റേഷന്റെ എല്ലാഭാഗത്തും പൂർണമായും വെളിച്ചം എത്തിക്കാനുള്ള പ്രവർത്തികളും നടക്കുന്നു. ഈവർഷം തന്നെ നവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കോന്നി മെഡിക്കൽ കോളേജ്
കോന്നി : സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോന്നി ഗവ.മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കി. 40 കോടി രൂപ ചെലവഴിച്ചാണ് നാല് നിലകളുള്ള അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചത്. 100 വിദ്യാർത്ഥികളുടെ പഠനത്തിനാവശ്യമായ വിപുലമായ സംവിധാനങ്ങളോടെയാണ് അക്കാദമിക് ബ്ലോക്ക് സജ്ജമാക്കിയത്. 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി.
ജില്ലയുടെ വേദനയായി നവീൻ ബാബു
യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് മലയാലപ്പുഴ സ്വദേശിയായ കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവം പത്തനംതിട്ടയുടെ ചരിത്രത്തിലെ തീരാനോവായി. വിരമിക്കാൻ 7 മാസം മാത്രമായിരുന്നു ബാക്കി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് ശേഷമുള്ള യാത്രയയപ്പ് യോഗത്തിലായിരുന്നു വിമർശനം.
കാലാതീതം ഈ മടക്കം
ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് മരണം സംഭവിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തി നാട്ടിൽ സംസ്കരിച്ചത് നാലു പതിറ്റാണ്ട് പിന്നിട്ട പത്തനംതിട്ടയുടെ ചരിത്രത്തിലെ പുതിയ ഏടായിമാറി.
1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താേംഗ് പാസിൽ വച്ച് 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒൻപതുപേരുടെ മൃതദേഹങ്ങൾ മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. കഴിഞ്ഞ ഒക്ടോബർ 3ന് ആണ് തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.
ജില്ലയുടെ ശിൽപ്പിയെ മറന്നുവോ
പത്തനംതിട്ട ജില്ലയുടെ ശില്പിയും മുൻ എം.എൽ.എയുമായ കെ.കെ.നായരുടെ പ്രതിമ ശബരിമല ഇടത്താവളത്തിന് സമീപം ഉപേക്ഷിച്ച മട്ടിലാണ് ഇന്നുള്ളത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുമ്പിൽ സ്ഥാപിച്ചിരുന്ന പ്രതിമ അബാൻ മേൽപ്പാലം പണിയുടെ ഭാഗമായി മാറ്റുകയായിരുന്നു.
മേൽപ്പാലത്തിന്റെ നിർമ്മാണാരംഭം മുതലുള്ള ഗതാഗത പ്രശ്നങ്ങൾ കാരണം വാഹനങ്ങൾ ഇടിച്ച് പ്രതിമയുടെ ഇരുമ്പ് സംരക്ഷണ വേലി തകർന്ന ശേഷമാണ് പ്രതിമ മാറ്റുന്നത്. 2013 ൽ കെ.കെ.നായരുടെ നിര്യാണത്തെ തുടർന്ന് നഗരസഭ കെ.കെ.നായർക്ക് സ്മാരകമായി പ്രതിമ സ്ഥാപിക്കുകയായിരുന്നു. ടൗൺ പ്ലാനിംഗുമായി ബന്ധപ്പെട്ട് അബാൻ ജംഗ്ഷനിൽ പുതിയ പ്രതിമ സ്ഥാപിക്കും.