road-
റാന്നി ചെത്തോങ്കര അത്തിക്കയം പാതയിലെ കരികുളം സംരക്ഷിത വനമേഖല പാതയുടെ നവീകരണത്തിന് ശേഷമുള്ള കാഴ്ച

റാന്നി: യാത്രക്കാർക്ക് കുളിരേകി റാന്നി ചെത്തോങ്കര അത്തിക്കയം പാതയിലെ കരികുളം സംരക്ഷിത വനമേഖല. റാന്നി ടൗണിൽ ഉൾപ്പടെ ചൂട് കൂടിയ പ്രദേശങ്ങളിൽ നിന്നും യാത്ര ചെയ്തു വരുന്നവർക്കാണ് ഇവിടം തണലേകുന്നത്. ദിവസവും ഇരുചക്ര വാഹന യാത്രക്കാരും കാറുകളും ഉൾപ്പടെ ഇവിടെ നിർത്തി വിശ്രമിക്കുന്നു. ചിത്രങ്ങൾ പകർത്താനും ആളുകൾ ഇവിടെ എത്താറുണ്ട്. ചെത്തോങ്കര അത്തിക്കയം പാതയുടെ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശം കെട്ടി പാരപ്പറ്റ് നിർമ്മിച്ചു ചായം പൂശിയതോടെ പ്രദേശത്തിന്റെ ഭംഗി മുമ്പുണ്ടായിരുന്നതിൽ കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്

ഒരു വശം നിറയെ തേക്കു മരങ്ങളും മറു വശത്ത് മുളയുമായി നിൽക്കുന്ന പ്രദേശം കാഴ്ചയ്ക്ക് വിരുന്നേകുന്നതിനൊപ്പം സൂര്യ പ്രകാരം അധികം കടന്നു ചെല്ലാത്തതുകൊണ്ടുതന്നെ ചൂടും കുറവാണ്. പുലർച്ചെയും വൈകുന്നേരങ്ങളിലും മഞ്ഞു നിറയും. എന്നാൽ മുളം ചില്ലകൾ സമയാ സമയങ്ങളിൽ വെട്ടി ഒതുക്കാത്തത് ബസ് യാത്രക്കാർക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബസ് യാത്രക്കാരുടെ ദേഹത്തു മുളം ചില്ലികൾ തട്ടി പരിക്കേൽക്കാറുണ്ട്. ഉണങ്ങിയ വലിയ മുളകൾ റോഡിലേക്ക് ചാഞ്ഞു കിടക്കുന്നുമുണ്ട്.

-----------------

പാതയുടെ നവീകരണത്തിന് ശേഷം കരികുളം വനമേഖലയിലെ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്. കാടുകൾ മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങൾ അല്ലെന്ന ബോദ്ധ്യം ജനങ്ങൾക്ക് ഉണ്ടാവണം. അത്തരത്തിൽ വലിച്ചെറിയുന്നവർക്ക് ശിക്ഷ ഉറപ്പാക്കണം.

- സജു, യാത്രക്കാരൻ

----------------

കല്ലൻ മുളകൾ പേപ്പർ ഉത്പാദനം ലക്ഷ്യമിട്ട്

റാന്നി വനം ഡിവിഷനിൽ മൂങ്ങാപ്പാറ, കരികുളം, പാമ്പിനി, മണിയാർ,ചിറ്റാർ, തെക്കുംമല. ഒളികല്ല്, കൊടുമുടി, അടിച്ചിപ്പുഴ എന്നിവിടങ്ങളിലാണ് 1986 – 87 വർഷത്തിൽ കല്ലൻ മുളകൾ നട്ടത്. പേപ്പർ ഉത്പാദനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. മണ്ണൊലിപ്പ് തടയുകയും ലക്ഷ്യമിട്ടിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് മുള നൽകാനാണ് പദ്ധതിയിട്ടത്. കേന്ദ്ര സർക്കാർ വെള്ളൂരിൽ പേപ്പർ മിൽ തുടങ്ങിയപ്പോൾ സംസ്ഥാന സർക്കാരുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് വന മേഖലയിൽ മുളകൾ നട്ടിരുന്നത്. വിളവ് എത്തിയിട്ട് കാലങ്ങളായി . പൂർണ വളർച്ച എത്തുന്ന മുളകൾ 21 മുതൽ 100 വർഷത്തിന് ഇടയിൽ പൂക്കുകയും അതോടെ മുഴുവനായും ഉണങ്ങുകയുമാണ് ചെയ്യുന്നത്.