ശബരിമല : മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എ.ഡി.ജി.പി എസ്.ശ്രീജിത്ത് വിലയിരുത്തി. സന്നിധാനത്ത് മൂന്നു ദിവസമായി തങ്ങിയ അദ്ദേഹം, ആട്ടച്ചിത്തിര മഹോത്സവവുമായി ബന്ധപ്പെട്ട് സുഗമമായ ദർശനം ഭക്തർക്ക് ഉറപ്പാക്കുന്നതിനും നേതൃത്വം നൽകി. സന്നിധാനത്തെ പൊലീസിന്റെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളുടെ പുരോഗതിയും വിലയിരുത്തി. കൂടാതെ, ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി.എസ് പ്രശാന്ത്, സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.തീർത്ഥാടന കാലത്തിന് മുന്നോടിയായി ചെയ്തു തീർക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. മണ്ഡല മകരവിളക്ക് കാലയളവിലെ ആദ്യഘട്ടത്തിലെ സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട റെയിൽവേയ്സ് എസ്.പി ബി.കൃഷ്ണകുമാർ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആട്ടച്ചിത്തിര മഹോത്സവ ദിനമായ ഇന്നലെ ഓൺലൈൻ ബുക്കിംഗ് കൂടുതലായിരുന്നു. ഇതേ തുടർന്ന് സന്നിധാനത്തും പമ്പയിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. മൂന്ന് ടേൺ ആയി ക്രമീകരിച്ചാണ് രണ്ട് ദിവസങ്ങളിൽ ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ദർശനത്തിനായി നട തുറന്ന 30 ന് മാത്രം 15445 പേർ ദർശനം നടത്തി, ഈദിവസത്തെ ബുക്കിങ് 12809 ആയിരുന്നു. ഇന്നലെ ഓൺലൈൻ ബുക്കിംഗ് 11421ആയിരുന്നു. 15,000 ത്തിലധികം പേർ ദർശനം നടത്തി.