പത്തനംതിട്ട : പൂജാമുറയിൽ കത്തിച്ചുവച്ച നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു. ഇലന്തൂർ പഞ്ചായത്ത് 13-ാം വാർഡിൽ പുളിന്തിട്ട പുൽപ്പറേത്ത് വീട്ടിലാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ തീപിടിത്തമുണ്ടായത്. കുപ്രസിദ്ധമായ നരബലി നടന്ന വീടിന് എതിർവശത്താണ് സംഭവം. വിജയലക്ഷ്മി, പി.കെ.ഉഷ, പ്രിയ എന്നിവരും ഒന്നാം ക്ലാസ് വിദ്യാർത്ഥി ശിവ കാർത്തിക്കും അപകടസമയം വീട്ടിലുണ്ടായിരുന്നു. പരിക്കോ പൊള്ളലോ ഏൽക്കാതെ ഇവർ വേഗം വീടിന് പുറത്തിറങ്ങി. പത്തനംതിട്ടയിൽ നിന്ന് അഗ്ന‌ി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ഓടു മേഞ്ഞ വീട്ടിലെ ആറു മുറികളിലെയും സാധനങ്ങളിലേക്ക് തീ പടർന്നു. ഫയർ ഓഫീസർ അഭിജിത്തിന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർ എൻജിനാണ് തീ അണയ്ക്കാൻ എത്തിയത്. ആറന്മുള സുദർശനം സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ശിവകാർത്തിക്കിന്റെ പാഠപുസ്‌തകങ്ങളും ഉടുപ്പും കളിപ്പാട്ടങ്ങളും കത്തിനശിച്ചു.