കൊല്ലം:പഴയ തലമുറയ്‌ക്ക് ഇപ്പോഴും ഗൃഹാതുരത്വം സമ്മാനിക്കുന്ന റേഡിയോ വീണ്ടും വരുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് 'ശ്രുതിലയം' പദ്ധതിയിലൂടെ റേഡിയോ സജീവമാക്കുകയാണ്.

ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള, 60 വയസ് പിന്നിട്ട മൂവായിരം പേർക്ക് റേഡിയോ സൗജന്യമായി നൽകുകയാണ്. വിതരണം അന്തിമഘട്ടത്തിലാണ്.

ജില്ലാ പഞ്ചായത്താണ് പദ്ധതിക്ക് തുക നീക്കിവച്ചത്. ആ​കാ​ശ​വാ​ണി, എ​ഫ്.എം എ​ന്നി​വ​യ്​ക്ക് പു​റ​മേ ബ്‌​ളൂ​ടൂ​ത്ത്, പെൻ​ഡ്രൈ​വ് സൗ​ക​ര്യ​ങ്ങ​ളും റേ​ഡി​യോ​യി​ലു​ണ്ട്. വിനോദത്തിനും വിജ്ഞാനത്തിനും റേഡിയോ മാത്രം ആശ്രയമായിരുന്ന കാലത്തുനിന്നാണ്, കാലഹരണപ്പെടലിന്റെ വക്കിലേക്ക് ഇവ കൂപ്പുകുത്തിയത്.

പണ്ട് നാട്ടിൻപുറങ്ങളിൽ റേഡിയോ കിയോസ്‌കുകൾ സജീവമായിരുന്നു. ആകാശവാണി വാർത്തകളറിയാൻ ദൂരദേശങ്ങളിൽ നിന്ന് പോലും ഇവിടെ ആളുകളെത്തിയിരുന്നു. പ്രഭാതഭേരിയും കഥാപ്രസംഗവും നാടകവും ഗാനങ്ങളും കേൾക്കാൻ പ്രായഭേദം ഉണ്ടായിരുന്നില്ല. കാലം മാറി, റേഡിയോയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടതോടെ റേഡിയോ കേന്ദ്രങ്ങൾ അടഞ്ഞു. ഉപകരണങ്ങളെല്ലാം നശിച്ചു. പൂർണമായും അപ്രത്യക്ഷമാകുന്ന റേഡിയോ കാലത്തെയാണ് ജില്ലാ പഞ്ചായത്ത് തിരികെ വിളിക്കുന്നത്.

'ശ്രുതിലയം' പദ്ധതി

അപേക്ഷ ക്ഷണിച്ച് അർഹരുടെ പട്ടിക തയ്യാറാക്കി

 തിരഞ്ഞെടുത്തത് 60 വയസ് പിന്നിട്ടവരെ

 റേഡിയോ വിതരണം കൊല്ലത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗം

റേഡിയോ വില - 2000 രൂപ

അടങ്കൽ - 60 ലക്ഷം രൂപ

വാർദ്ധക്യത്തിന്റെ വിരസത മാറ്റാൻ റേഡിയോ സംഗീതവും പ്രഭാതഭേരിയുമൊക്കെ ഉപകരിക്കും.

പി.കെ.ഗോപൻ, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്