
കൊല്ലം: പ്രായം വെറും നമ്പറും രോഗം ഒന്നിനും തടസവുമല്ലെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച് അറുപത്തേഴാം വയസിലും ചിരട്ടത്തവി വിറ്റ് പഠനം തുടരുകയാണ് റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് പേരൂർ കല്ലുവിള പുത്തൻവീട്ടിൽ ബി.അജയകുമാർ.
ഇപ്പോൾ കേരള സർവകലാശാല നിയമവിഭാഗത്തിൽ പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻറൈറ്റ്സിലും കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ സർട്ടിഫിക്കറ്റ് കോഴ്സിന്റെ പത്താം ബാച്ച് വിദ്യാർത്ഥിയുമാണ്.
ജോലിത്തിരക്കിനിടയിൽ കേരള സർവകലാശാലയിൽ നിന്ന് വിദൂരവിദ്യാഭ്യാസം വഴി 2010ൽ പൊളിറ്റിക്കൽ സയൻസിലും 2013ൽ പബ്ലിക് അഡ്മിനിസ്ട്രേഷനിലും രണ്ടാംക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 2014 ൽ പി.എച്ച്.ഡിക്ക് ചേർന്നെങ്കിലും ഇടയ്ക്ക് മുടങ്ങി.
2017ൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണ് ജോലിയിൽ നിന്ന് വിരമിച്ചത്. ഇതിന് പിന്നാലെ പാൻക്രിയാറ്രിക് കാൻസർ കീഴ്പ്പെടുത്തി. കിമോയും റേഡിയേഷൻ ചികിത്സയുമൊക്കെയായി വർഷങ്ങൾ നീണ്ടു. 2023ൽ വീണ്ടും പഠന ട്രാക്കിൽ. മുടങ്ങിപ്പോയ ഗവേഷണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.
പെൻഷൻ തുക ചികിത്സയ്ക്കും വീട്ടുചെലവിനുമേ തികയൂ. ചിരട്ടത്തവി വിറ്റാണ് പഠനച്ചെലവ് കണ്ടെത്തുന്നത്. രാത്രിയാണ് പഠനം. രാവിലെ വീടിനോട് ചേർന്നുള്ള വർക്ക്ഷോപ്പിൽ തിരക്കിലായിരിക്കും. ഇടവേളകളിൽ പുസ്തകങ്ങൾ വായിക്കും.
അടുത്തുള്ള വീടുകളിൽ നിന്നും കല്യാണ ഓഡിറ്റോറിയങ്ങളിൽ നിന്നുമാണ് ചിരട്ട ശേഖരിക്കുന്നത്. അപ്പൂപ്പൻ രാമനാശാരിയിൽ നിന്നാണ് ചിരട്ടത്തവി നിർമ്മാണം പഠിച്ചത്. ചിരട്ടയിലും തടിയിലും മനോഹരമായ ശില്പങ്ങളും അജയകുമാർ ഒരുക്കും. ഭാര്യ സുനന്ദയും മക്കളായ എ.എസ്.അമൃതയും എ.എസ്.ആര്യയും മരുമക്കളായ ലിബിൻനാഥും പ്രദീപും പൂർണപിന്തുണ നൽകി ഒപ്പമുണ്ട്.
പത്താം ക്ളാസിലെ തോൽവി വഴികാട്ടി
 പത്താം വയസ് മുതൽ ചിരട്ടത്തവിയിലൂടെ സ്വയംതൊഴിൽ
 1973ൽ പത്താം ക്ലാസിൽ തോറ്റു, 75ൽ വിജയിച്ചു
 കരിക്കോട് ടി.കെ.എം കോളേജിൽ നിന്ന് പ്രീഡിഗ്രി
 എസ്.എൻ കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം
 അമ്മയ്ക്ക് കാൻസർ പിടിപെട്ടതോടെ തുടർപഠനം മുടങ്ങി
 പിന്നീട് മരപ്പണിയിലേക്ക്
 1993ൽ പോസ്റ്റ്മാനായി ജോലി
 2006ൽ ക്ലറിക്കൽ ടെസ്റ്റ് പാസായി
ചിരട്ടത്തവി വില
₹ 25 - 100
(വലിപ്പം അനുസരിച്ച്)
പ്രായം ഒന്നിനും തടസമല്ല. തോറ്റുകൊടുക്കാൻ തയ്യാറാകാതെ മനസുണ്ടേൽ എല്ലാം നടക്കും.
ബി. അജയകുമാർ