radhamaniamma
രാധാമണിയമ്മ

കൊല്ലം: എഴുപതാം വയസിൽ പ്ളസ് ടു പാസായതിന്റെ സന്തോഷത്തിലാണ് രാധാമണിഅമ്മ. സാക്ഷരത മിഷന്റെ പ്ലസ്ടു തുല്യതാപരീക്ഷ ഫലം വന്നപ്പോൾ നാല് എ പ്ലസും ഒരു എയും ഒരു ബിയും. പത്തനാപുരം പട്ടാഴി വടക്കേക്കര തഴയ്ക്കാട്ട് വടക്കതിൽ രാധാമണി 2022ലാണ് പഠനം പുനരാരംഭിച്ചത്. വിഷയം ഹ്യുമാനിറ്റീസ്. പഠനം പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ.

ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നെങ്കിലും ക്രമേണ വിഷയങ്ങൾ വരുതിയിലായി. ഇംഗ്ലീഷും എക്കണോമിക്സുമാണ് കുറച്ച് വെള്ളം കുടിപ്പിച്ചത്. പ്ലസ് വണ്ണിൽ ഇംഗ്ലീഷിന് 66 ഉം എക്കണോമിക്സിന് 90 ഉം പ്ലസ്ടുവിന് 70 ഉം 83 ഉം മാർക്ക് നേടി. പൊളിറ്റിക്സിനും സോഷ്യോളജിക്കും മലയാളത്തിനും ഹിസ്റ്ററിക്കുമായിരുന്നു എ പ്ലസ്. വീട്ടുജോലികൾക്കിടയിലായിരുന്നു പഠനം. പരീക്ഷ അടുക്കുമ്പോൾ പുലർച്ചെ 4ന് എഴുന്നേറ്റ് പഠിക്കും. ഞായറാഴ്ചകളിലായിരുന്നു ക്ലാസ്.

എന്ത് തിരക്കുണ്ടെങ്കിലും ക്ലാസ് മുടക്കിയിരുന്നില്ല. അടുത്ത വർഷം ബിരുദ പഠനത്തിന് ചേരണമെന്നാണ് ആഗ്രഹം. മക്കളായ സുജിത്ത് സുകുമാറും സൂരജ് സുകുമാറും മരുമക്കളായ സൗമ്യയും സുചിത്രയും പൂർണ പിന്തുണ നൽകി.

വായന കൂട്ടായി

1971 ലാണ് രാധാമണിഅമ്മ പത്താംക്ലാസ് പാസായത്. തുടർന്ന് പഠിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നെങ്കിലും പ്രീ-ഡിഗ്രിക്ക് ചേരാനുള്ള ഫീസ് കണ്ടെത്താനായില്ല. ഇതിനിടയിൽ 78ൽ സുകുമാരൻ നായരുമായി വിവാഹം. പിന്നീട് കുടുബത്തിന്റെയും കുട്ടികളുടെയും കാര്യത്തിലായി ശ്രദ്ധ. എങ്കിലും വായന ഉപേക്ഷിക്കാൻ തയ്യാറായില്ല. ലൈബ്രറികളിൽ നിന്നും പരിചയക്കാരിൽ നിന്നും പുസ്തകങ്ങളെടുത്ത് വായിച്ചു. ചിലർ സമ്മാനമായി പുസ്തകങ്ങൾ നൽകി. വായനാശീലം പഠനത്തിലും വലിയ സഹായകമായി.