കൊല്ലം: കൊട്ടാരക്കരയിൽ കോൺഗ്രസ് നേതാവ് ദിനേശ് മംഗലശേരിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാരകമായി പരിക്കേൽപ്പിക്കുകയും കൊട്ടാരക്കര കോൺഗ്രസ് ഓഫീസ് അടിച്ച് തകർക്കുകയും ചെയ്ത സി.പി.എം മുൻ ഏരിയ സെക്രട്ടറി ഉൾപ്പടെയുള്ള പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകിയതിലൂടെ നീതിപീഠത്തിൽ നിന്നെങ്കിലും നീതികിട്ടുമെന്ന സന്ദേശമാണ് പൊതുസമൂഹത്തിന് കിട്ടിയിട്ടുള്ളതെന്ന് പി.രാജേന്ദ്രപ്രസാദ്. സംഭവം നടക്കുമ്പോൾ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരുന്നത് കൊണ്ട് മാത്രമാണ് പൊലീസ് സത്യസന്ധമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്ക് ശിക്ഷ വാങ്ങിനൽകാൻ സാഹചര്യമുണ്ടാക്കിയത്. കേസ് നടത്തിപ്പിൽ ദിനേശ് മംഗലശേരി കാട്ടിയ ആർജ്ജവവും പ്രശംസാർഹമാണ്. കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞ കോൺഗ്രസ് പ്രവർത്തകരോട് വിശദീകരണം ചോദിക്കും. അഞ്ചൽ രാമഭദ്രൻ കൊലക്കേസിന്റെ വിധിയും മാർക്‌സിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ള തെറ്റായ നയങ്ങൾക്കെതിരെയുള്ള സന്ദേശമാണ്. ഇനിയെങ്കിലും സി.പി.എം അക്രമരാഷ്ട്രീയത്തിൽ നിന്ന് പിന്തിരയണമെന്നും പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.