കൊല്ലം: റോഡരികിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കിട്ടിയത് 18 ലിറ്റർ മദ്യം. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി കോർപ്പറേഷൻ തൊഴിലാളികൾ കാടുംപടലും വെട്ടി മാറ്റിയപ്പോഴാണ് മൂന്ന് ചാക്കുകെട്ടുകളിൽ മദ്യം കണ്ടത്. ഇന്നലെയും ഇന്നുമായി രണ്ട് ഡ്രൈ ഡേകൾ അടുപ്പിച്ച് വന്ന പശ്ചാത്തലത്തിൽ വില കൂട്ടി വിൽക്കാൻ കൊണ്ടുവന്നതാണെന്ന് കരുതുന്നു.
ഒരു കുപ്പിക്ക് 410 രൂപയാണ് വില. ഡ്രൈ ഡേയിൽ ഇരട്ടി വില കിട്ടും. 500 മില്ലിയുടെ 'ക്ളാസിക് ഗ്രാൻഡ് റം' 36 കുപ്പികളാണുണ്ടായിരുന്നത് . ബിവറേജസ് കോപ്പറേഷന്റെ ലേബലുണ്ട്.
ഭരണിക്കാവ് റെയിൽവേ ലെവൽക്രോസിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. ഡിവിഷൻ കൗൺസിലറും വിദ്യാഭ്യാസ - കായിക സ്ഥിരം സമിതി അദ്ധ്യക്ഷയുമായ എസ്.സവിതാദേവി അറിയിച്ചതിനെ തുടർന്ന് ഇരവിപുരം പൊലീസ് ചാക്കുകെട്ടുകൾ സ്റ്റേഷനിലേക്ക് മാറ്റി. പൊലീസിന്റെ സാന്നിദ്ധ്യം അറിഞ്ഞ് വഴിയരികിൽ ഒളിപ്പിച്ചതാകാം. എക്‌സൈസും അന്വേഷണം ആരംഭിച്ചു. പൊലീസ് സ്വമേധയാ കേസെടുത്തു.