കൊല്ലം: കൂട്ടിക്കട റെയിൽവേ ഗേറ്റിലെ കൂട്ടക്കുഴപ്പത്തിൽ പരിഹാരമുണ്ടാക്കാൻ ലീഗൽ സർവീസസ് സൊസൈറ്റി. മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ അഡ്വ. എം.എം. ഹുമയൂൺ നൽകിയ പരാതിയെ തുടർന്നാണ് ഇന്ന് നടക്കുന്ന മെഗാ അദാലത്തിൽ കേസ് പരിഗണിക്കുന്നത്.
നാല് റോഡുകൾ സംഗമിക്കുന്ന, കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയ ലെവൽ ക്രോസിന് സമീപം വാഹനങ്ങൾ കിലോമീറ്ററുകളോളം കുടുങ്ങുന്നത് സംഘർഷങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച, ട്രെയിൻ വരുന്നതിനിടെ ഗേറ്റിനുള്ളിൽ കാ|ർ കുടുങ്ങിയതും ട്രെയിൻ പെട്ടെന്ന് നിറുത്തിയതും ഏറെ വിവാദമായിരുന്നു. ഈ ദിവസം തന്നെ, ഗേറ്റ് പൂട്ടാൻ ശ്രമിക്കുന്നതിനിടെ കാൽനടയായി വന്ന സ്‌ത്രീയുടെ തലയിൽ ഇരുമ്പ് ഗേറ്റിന്റെ കൂർത്ത അഗ്രം കൊണ്ട് പരിക്കേറ്റു. മേൽപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. രാവിലെയും വൈകിട്ടും പോയിന്റ് ഡ്യൂട്ടിക്ക് പൊലീസുകാരനെ നിയോഗിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതർ ഗൗനിച്ചിട്ടില്ല. ഇന്നത്തെ അദാലത്തിൽ ഹാജരാകാൻ പൊലീസിന് ലീഗൽ സർവീസസ് അതോറിട്ടി നോട്ടീസ് അയച്ചിട്ടുണ്ട്.