കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ, പാരാ മെഡിക്കൽ ജീവനക്കാരുടെ കുറവ് കാരണം വലയുന്നു. പുലർച്ചെ വരുന്നവർ പോലും വീട്ടിലെത്തുമ്പോൾ അന്തിമയങ്ങും.
വൃക്ക രോഗബാധിതനായ കൊല്ലം സ്വദേശി ഇന്നലെ പുലർച്ചെ അഞ്ചരയോടെ ഇ.എസ്.ഐ ആശുപത്രിയിലെ ലാബിൽ രക്തപരിശോധനയ്ക്കെത്തി. ലാബ് ഏഴ് മണിക്കാണ് തുറക്കുന്നത്. നേരത്തെ ക്യൂവിൽ ഇടംപിടിക്കാനാണ് പുലർച്ചെ എത്തിയത്. 7.15ന് ലാബ് തുറന്നെങ്കിലും ഒരു ജീവനക്കാരിയാണ് ഉണ്ടായിരുന്നത്. പേര് രജിസ്റ്റർ ചെയ്യുന്ന ജീവനക്കാരി തന്നെയാണ് രക്തവും ശേഖരിക്കുന്നത്. ഇതേ രോഗി ഉച്ചയ്ക്ക് ഡോക്ടറെ കണ്ട ശേഷം നാല് മണിയോടെ ഫാർമസിയിൽ എത്തിയപ്പോൾ അവിടെ ആകെയുള്ളത് ഒരു ഫാർമസിസ്റ്റ്. മൂന്ന് കൗണ്ടറുകളുണ്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാൽ ഒരു കൗണ്ടറാണ് പ്രവർത്തിക്കുന്നത്. മണിക്കൂറുകൾ ക്യൂ നിന്ന് മരുന്നു ലഭിച്ചപ്പോൾ രാത്രി 7.30. ഫാർമസിയിലെ മൂന്ന് കൗണ്ടറുകളിൽ രണ്ടെണ്ണം വൈകിട്ട് നാല് മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇവിടെ പല ഒ.പികളും വൈകിട്ട് മൂന്നിനാണ് ആരംഭിക്കുന്നത്.
നഴ്സുമാരും കുറവ്
ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവർക്ക് പുറമേ നഴ്സുമാരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. സ്ഥിരം ജീവനക്കാർ വേണ്ടത്ര ഇല്ലാത്തതിനാൽ കരാർ അടിസ്ഥാനത്തിൽ താത്കാലികക്കാരെ നിയമിക്കാറുണ്ട്. കൊഴിഞ്ഞുപോകുന്ന ഇത്തരക്കാർക്കു പകരം പുതിയ നിയമനം നടത്താത്തതാണ് പ്രശ്നം. രോഗികൾ വലയുന്നതിന് പുറമേ, നിലവിലുള്ള ജീവനക്കാർ അമിത ജോലിഭാരം കാരണം കടുത്ത ബുദ്ധിമുട്ടിലാണ്.
ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് പോയതാണ്. രാത്രി ഏഴയ്ക്കാണ് മരുന്ന് വാങ്ങി മടങ്ങാനായത്. രോഗികൾക്ക് പുറമേ ജോലിഭാരം കാരണം ജീവനക്കാരും കടുത്ത വിഷമത്തിലാണ്
കൊല്ലം മുണ്ടയ്ക്കൽ സ്വദേശി