 
ഓച്ചിറ: കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ പാലാരിവട്ടത്ത് സംഘടിപ്പിച്ച സംസ്ഥാന തല പ്രൊഫഷണൽ നാടക മത്സരത്തിൽ സാഹിതി തിയറ്റേഴ്സ് അവതരിപ്പിച്ച 'മുച്ചീട്ട് കളിക്കാരന്റെ മകൾ' മികച്ച നാടകം, മികച്ച സംവിധായകൻ എന്നീ അവാർഡികൾ കരസ്ഥമാക്കി. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ട് കളിക്കാരന്റെ മകൾ' എന്ന നോവലിനെ ആസ്പദമാക്കിയാണ് നാടകം രചിച്ചത്. രാജേഷ് ഇരുളമാണ് മികച്ച സംവിധായകൻ.
ഹേമന്ദ് കുമാറാണ് നാടകം രചിച്ചത്. ടി.എം എബ്രഹാം, ഷെർളി സോമസുന്ദരൻ, പൗളി വിൽസൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡുകൾ നിർണയിച്ചത്. ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളായ ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, ആനവാരി രാമൻനായർ, സൈനബ എന്നിവരാണ് നാടകത്തിൽ എത്തുന്നത്. ചിരിയും ചിന്തയും വിതറി പ്രേക്ഷകരുടെ കൈയടി നേടിയാണ് ഓരോവേദികളിലും നാടകം അവതരിപ്പിച്ചുവരുന്നത്.
എറണാകുളത്ത് നടന്ന ചടങ്ങിൽ കെ.സി.ബി.സി മീഡിയ കമ്മിഷൻ വൈസ് ചെയർമാൻ ബിഷപ്പ് ആന്റണി മാർസിൽവാനോസ്, നടൻ ജോജു ജോർജ് എന്നിവരിൽ നിന്നും സാഹിതി തിയറ്റേഴ്സിന്റെ സംഘാടകൻ സി.ആർ.മഹേഷ് എം.എൽ.എ അവാർഡ് ഏറ്റുവാങ്ങി.