കൊല്ലം: ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ജില്ലയിൽ എക്‌സൈസ് വിമുക്തി മിഷനും എക്‌സൈസ് വകുപ്പും കുട്ടികൾക്കായി ഇന്ന് സംവാദ സദസ് സംഘടിപ്പിക്കും. ജില്ലയിൽ എല്ലാ എക്‌സൈസ് റേഞ്ച് ഓഫീസ് പരിധിയിലും റെസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് സദസ് സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗത്തിൽ നിന്ന് അകന്നു നിൽക്കുന്നതിന് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാവുന്ന മാർഗങ്ങൾ, ലഹരി ഉപയോഗം സമൂഹത്തെ ദോഷകരമായി ബാധിക്കുന്നത്, ലഹരി ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, ലഹരി മുക്ത കേരളം കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ക്രിയാത്മക പങ്കാളിത്തം എന്നീ വിഷയങ്ങളിലാണ് സംവാദം. ജില്ലാതല ഉദ്ഘാടനം പേരൂർ മീനാക്ഷി വിലാസം സ്‌കൂളിൽ രാവിലെ 10ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ.ഷിബു നിർവഹിക്കും. തുടർന്ന് മറ്റ് പരിപാടികളും നടക്കും.