കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ വെള്ളിയാഴ്‌ച ചരക്ക് വാഹന തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുമെന്ന്‌ ജില്ലാ കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ. ചരക്ക് വാഹനങ്ങൾ വഴിയിൽ തടഞ്ഞുള്ള അനാവശ്യ പരിശോധനയും അമിത ഫൈൻ ഈടാക്കുന്നതും അവസാനിപ്പിക്കുക, ആർ.ടി.ഒ റവന്യു, പൊലീസ്, മൈനിംഗ് ആൻഡ് ജിയോളജി അധികാരികളുടെ പീഡനം അവസാനിപ്പിക്കുക, എഫ്.സി.ഐ ലോറി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, യു.ടി.യു.സി, എസ്‌.ടി.യു, എച്ച്.എം.എസ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയും ലോറി-ടിപ്പർ ഓണേഴ്‌സ് അസോസിയേഷനും ഉൾപ്പെട്ട സംസ്ഥാന കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ചാണ്‌ പണിമുടക്ക്‌.

കൊട്ടാരക്കര, പുനലൂർ, പത്തനാപുരം താലൂക്കുകളിലെ തൊഴിലാളികൾ കൊട്ടാരക്കര താലൂക്ക് ഓഫീസിന് മുന്നിലും കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കിലുള്ളവർ കരുനാഗപ്പള്ളി താലൂക്ക് ഓഫിന് മുന്നിലും കൊല്ലം താലൂക്കിലെ തൊഴിലാളികൾ കൊല്ലം താലൂക്ക് ഓഫീസിന് മുന്നിലും ധർണ നടത്തും.

വി.ദിവാകരൻ, എം.അലിയാർ, സി.പ്രസാദ്, നൗഷാദ്, ശങ്കരനാരായണപിള്ള, ജി.ബാബു, രാജു, അജിത്ത്, അനന്തകൃഷ്ണൻ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.