കരുനാഗപ്പള്ളി: മഹാഗുരു ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിൽ നവരാത്രി ഉത്സവത്തിന് നാളെ രാവിലെ 8ന് സ്വാമി നിത്യസ്വരൂപാനന്ദ ഭദ്രദീപ്രകാശനം നടത്തും. 13ന് സമാപിക്കും. എല്ലാ നവരാത്രി ദിനങ്ങളിലും രാവിലെ 11.30ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ പ്രഭാഷണം. മഹാസമാധി പീഠത്തിൽ വിശേഷാൽ പൂജകളും ത്രിപുരസുന്ദരി ദേവീക്ഷേത്ര സന്നിധിയിൽ ദീപാരാധനയ്ക്ക് ശേഷം കലശാഭിഷേകവും, പന്മന ആശ്രമം ശ്രീവിദ്യാധിരാജ സത്സംഗ സമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്ര നാമാർച്ചനയും ദേവീമഹാത്മ്യ പാരായണവും ഉണ്ടായിരിക്കും.
10ന് വൈകിട്ട് 5ന് പൂജവയ്പ്പ്. 12ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10ന് നാഗപൂജ. 13ന് രാവിലെ 6ന് പൂജയെടുപ്പ്, വിദ്യാരംഭം, 8.30ന് വിദ്യാഗോപാല മന്ത്രാർച്ചന, 9ന് ത്രിപുരസുന്ദരി പ്രസാദ പൊങ്കാല തുടങ്ങിയവ ഉണ്ടായിരിക്കും. സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ എന്നിവർ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും. മഹാനവമി ദിവസം നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ഭക്തജനങ്ങൾക്ക് നേരിട്ട് ഹോമകുണ്ഠത്തിൽ ഹവിസ് അർപ്പിക്കുന്നതിന് അവസരമുണ്ടാകും. മഹാസമാധി പീഠത്തിലും ത്രിപുരസുന്ദരി ദേവീക്ഷേത്ര സന്നിധിയിലും നടക്കുന്ന വിശേഷാൽ പൂജകളിൽ സ്വാമിഭക്തരായ എല്ലാ സജ്ജനങ്ങളും പങ്കെടുക്കണമെന്ന് പന്മന ആശ്രമം ഭാരവാഹികൾ അറിയിച്ചു.