കരുനാഗപ്പള്ളി: മടപ്പള്ളി കാവനാൽ ദേവി ക്ഷേത്രത്തിൽ നിന്ന് 7000 രൂപയോളം വില വരുന്ന വിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിലായി. ചവറ, കുളങ്ങര ഭാഗം, രാജേഷ് ഭവനിൽ അരുൺ എന്ന സുനിൽകുമാർ (24) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. മോഷ്ടിക്കുന്നതിനിടയിൽ ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ച ശേഷം ചവറ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് തൊണ്ടി മുതലുകൾ കണ്ടെടുക്കുകയും ചെയ്തു. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, ചവറ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചവറ ഇൻസ്‌പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജി ഗണേശൻ, ഓമനക്കുട്ടൻ, എ.എസ്.ഐ മിനി മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.