കൊല്ലം: കൊല്ലത്തെ വിജിലൻസ് കോടതി കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ പോസ്‌കോ ഫാസ്റ്റ് ട്രാക്ക് കോടതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകിയ ഉത്തരവിന്മേലുള്ള തുടർ നടപടികൾ നിറുത്തിവച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. വിജിലൻസ് കോടതി കൊല്ലത്താണ് അനുവദിച്ചത്. എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി കൊട്ടാരക്കരയിൽ പ്രവർത്തിപ്പിക്കുന്നതിന് ഉത്തരവാകുകയായിരുന്നു.

ഉത്തരവ് പുനഃപരിശോധിക്കണമെന്നും കോടതി കൊല്ലത്ത് തന്നെ ആരംഭിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. എം.പിയുടെ കൂടി ആവശ്യം പരിഗണിച്ച് ഉത്തരവിന്മേലുള്ള തുടർ നടപടികൾ നിറുത്തിവച്ചതായും ഉത്തരവ് ഭേദഗതി ചെയ്യുന്നത് പരിശോധിച്ചുവരികയാണെന്നും അഡിഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി അഡിഷണൽ സെക്രട്ടറി ടി.മിനിമോൾ രേഖാമൂലം അറിയിച്ചു. ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.