കടയ്ക്കൽ: അയൽവാസിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 21 വർഷം കഠിനതടവ്. കൊട്ടാരക്കര- കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം . കടയ്ക്കൽ ,കൊണ്ടോടിയിൽ വലിയവിള വീട്ടിൽ ഷമീർ (31 ) ആണ് അയൽവാസിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്.തുടർന്ന് സംഭവം പുറത്തു പറഞ്ഞാൽ പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിൽ കടക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി. കേസിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 21 വർഷം കഠിന തടവും 65,000 രൂപ പിഴയും വിധിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബെർല ആണ് വിധി പ്രസ്താവിച്ചത്.