കൊല്ലം: നിർമ്മാണത്തൊഴിലാളി ക്ഷേമനിധി സെസ് പിരിക്കാൻ ഒരു വ്യാഴവട്ടം വരെ പഴക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് കെട്ടിട ഉടമകളെ നെട്ടോട്ടം ഓടിച്ച് തൊഴിൽവകുപ്പ്. കെട്ടിടി നികുതി രസീതും കംപ്ലീഷൻ സർട്ടിഫിക്കറ്റും പരിശോധിച്ച് കുടിശ്ശിക സഹിതമുള്ള ക്ഷേമനിധി സെസ് കണക്കാക്കാം.

എന്നാൽ ബിൽ‌ഡിംഗ് പെർമിറ്റ്, വൺടൈം റവന്യു ടാക്സ് രസീത്, ആദ്യമടച്ച കെട്ടിട നികുതിയുടെ രസീത് അടക്കം ആരും സൂക്ഷിച്ചിട്ടില്ലാത്ത രേഖകൾ കൂടി തൊഴിൽവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതാണ് പ്രശ്നം. നിർമ്മാണത്തൊഴിലാളി ക്ഷേമനിധി സെസിൽ പലഘട്ടങ്ങളിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

നിർമ്മാണം പൂർത്തിയായ ശേഷമുള്ള ഓരോ വർഷത്തിനും അന്ന് നിലവിലുണ്ടായിരുന്ന നിരക്ക് അടിസ്ഥാനമാക്കി സെസ് കണക്കാക്കാനാണ് പഴയ രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് തൊഴിൽ വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ കെട്ടിടം നിർമ്മിച്ച് വർഷങ്ങൾ പിന്നിടുന്നതോടെ നിർമ്മാണ പെർമിറ്റ്, വൺ ടൈം ടാക്സ് രസീത് തുടങ്ങിയവ ഭൂരിഭാഗം പേരും ഉപേക്ഷിക്കും. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും കയറിയിറങ്ങി പഴയ രേഖകൾ സംഘടിപ്പിക്കാനും ഏറെ പ്രയാസമാണ്.

സാക്ഷ്യപത്രം സഹിതം ആവശ്യപ്പെട്ടിരിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തങ്ങൾക്ക് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ സെസ് കണക്കാക്കുമെന്ന ഭീഷണിയും കെട്ടിട ഉടമകൾക്ക് അയച്ചിട്ടുള്ള നോട്ടീസിലുണ്ട്. വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2012 മുതൽ വാണിജ്യ, ഗാർഹിക കെട്ടിടങ്ങൾ നിർമ്മിച്ചവർക്കാണ് നിർമ്മാണത്തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാൻ ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

ഒരു വ്യാഴവട്ടത്തിന് മേൽ പഴക്കം

 2012 മുതലുള്ള നിർമ്മാണങ്ങൾക്ക് നോട്ടീസ്

 അയച്ചിരിക്കുന്നത് പതിനായിരങ്ങൾക്ക്

 രേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങി മടുത്തു

 നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് സെസ് പിരിക്കുന്നില്ല

 ഓരോ വർഷവും പൂർത്തിയാകുന്നത് ആയിരക്കണക്കിന് കെട്ടിടങ്ങൾ

സർക്കാർ പല നടപടിക്രമങ്ങളും ലഘൂകരിക്കുമ്പോൾ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന രേഖകളാണ് തൊഴിൽ വകുപ്പ് ആവശ്യപ്പെടുന്നത്. വില്ലേജ് ഓഫീസുകളിലും തദ്ദേശസ്ഥാപനങ്ങളിലും പോയി പഴയ കെട്ടിട നിർമ്മാണ രേഖകൾ ശേഖരിക്കുക പ്രയാസമാണ്. സെസ് കണക്കാക്കാൻ അവശ്യമായ രേഖകൾ മാത്രം ഹാജരാക്കുന്ന തരത്തിൽ നടപടി ലഘൂകരിക്കണം.

കെട്ടിട ഉടമ

ഇപ്പോൾ അദാലത്ത് എന്ന നിലയിലാണ് കൂടുതൽ പേർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ആദാലത്തായത് കൊണ്ട് പിഴയില്ലാതെയാണ് കുടിശ്ശിക സഹിതം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി സെസ് ഈടാക്കുന്നത്. പിന്നീട് കുടിശ്ശിക തുകയ്ക്ക് പ്രതിമാസം രണ്ട് ശതമാനം പിഴ നൽകേണ്ടി വരും.

തൊഴിൽ വകുപ്പ് അധികൃതർ