കൊല്ലം: കൊല്ലം - പരവൂർ തീരദേശ റോഡിൽ മുണ്ടയ്ക്കൽ പാപനാശം മുതൽ ഇരവിപുരം വരെ പൊട്ടിപ്പൊളിഞ്ഞിട്ടും പരിഹാര നടപടിയില്ല. കൊല്ലം ബീച്ച് മുതൽ പാപനാശം വരെയും താന്നി ഭാഗത്തും ഉണ്ടായിരുന്ന കുഴികൾ അടുത്തിടെ ടാർ ചെയ്തിരുന്നു. എന്നാൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ഇരവിപുരം വരെയുള്ള റോഡ് പുനർനിർമ്മിക്കാൻ യാതൊരു നടപടിയുമില്ല.
പല ഭാഗവും കടലെടുത്ത നിലയിലാണ്. ശക്തമായി എത്തുന്ന തിരമാലകളിൽ നിന്ന് റോഡിനെ സംരക്ഷിക്കാൻ സംരക്ഷണ ഭിത്തിയോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ല. കൊല്ലത്തു നിന്ന് പരവൂർ, വർക്കല എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്താൻ കഴിയുന്ന റൂട്ടാണിത്. കൊല്ലം ബീച്ച് മുതൽ കാപ്പിൽ ബീച്ച് വരെ 14 കിലോമീറ്ററാണ് ജില്ലയിൽ തീരദേശ റോഡിന്റെ ഭാഗമായുള്ളത്.
തകർന്ന റോഡിൽ നിന്ന് കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി പലഭാഗത്തായി ചിതറിക്കിടക്കുകയാണ്. കാൽനടയാത്രപ്പോലും ഈ ഭാഗത്ത് ദുസഹമായി. ഇരവിപുരം, താന്നി, മുക്കം, കാവടിപ്പുറം, മയ്യനാട്, പാരിപ്പള്ളി എന്നിവിടങ്ങളിലേക്ക് ഇതുവഴി 5 സ്വകാര്യബസുകളാണ് സർവ്വീസ് നടത്തുന്നത്. ബസുകൾ വരുമ്പോൾ മറ്റുള്ള വാഹനങ്ങൾ സൈഡ് കൊടുക്കാനാവാത്ത അവസ്ഥയിലാവും.
ട്രാൻ. സർവീസ് നിറുത്തി
തീരദേശറോഡ് വഴി കൊല്ലം- പരവൂർ യാത്രയിൽ അര മണിക്കൂർ ലാഭിക്കാം. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം ചാത്തന്നൂർ തിരുമുക്കിലെത്തിയാണ് പരവൂരിലേക്ക് പോകുന്നത്. കുറച്ചുനാളുകൾക്ക് മുൻപ് തിരുവനന്തപുരത്ത് നിന്ന് തീരദേശം വഴി കരുനാഗപ്പള്ളിയിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി സർവീസ് റോഡ് പൊളിഞ്ഞതിനാൽ നിറുത്തിവച്ചിരിക്കുകയാണ്. ടാറില്ലാത്തതിനാൽ റോഡിൽ പൊടിശല്യവും രൂക്ഷം. മഴപെയ്താൽ ചെളിക്കുണ്ടാകുമെന്നതാണ് മറ്റൊരു ദുരിതം. ഇളകിമാറി കിടക്കുന്ന കല്ലുകളിൽ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകുറെയായി. റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി ഇല്ലാത്തതു കൊണ്ട് പലരും ജീവൻ പണയം വച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത് - മാത്യു, പ്രദേശവാസി
റോഡിന്റെ അവസ്ഥ ഇരവിപുരം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നവീകരണപ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നാണ് ലഭിച്ച മറുപടി - കുരുവിള ജോസഫ്, കൗൺസിലർ, മുണ്ടയ്ക്കൽ