കൊല്ലം: കടവൂർ ഒറ്റക്കല്ലിന് സമീപത്തെ, നൂറു വർഷത്തോളം പഴക്കമുള്ള ചാലിൽ കുളം നവീകരണവും സംരക്ഷണവും ഇല്ലാതെ നശിച്ചു തുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
പണ്ട്, പ്രദേശവാസികൾ കുളിക്കാനും തുണി അലക്കാനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കുളമാണിത്. നിറയെ വെള്ളമുണ്ടെങ്കിലും വർഷങ്ങളായി ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്ലാസ്റ്റിക് കുപ്പികളടക്കം കുളത്തിലേക്ക് വലിച്ചെറിയുന്ന സാഹചര്യവുമുണ്ട്. കുളത്തിൽ നിന്ന് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തിട്ടില്ല. പാഴ്‌ചെടികളും പായലും നിറഞ്ഞു. വെള്ളം കറുത്തിരുണ്ട നിലയിലാണ്. മാലിന്യനിക്ഷേപമാണ് വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകാൻ കാരണം. ഏകദേശം പത്ത് സെന്റ് വിസ്തൃതിയുള്ള കുളത്തിന് 12 അടി താഴ്ചയുണ്ട്. ഇഴജന്തുകളുടെയും താവളമാണിവിടം. ദുർഗന്ധം കാരണം സമീപവാസികൾ വല്ലാത്ത ബുദ്ധിമുട്ടിലാണ്. നിരവധി മത്സ്യങ്ങൾ ഉണ്ടായിരുന്ന ചാലിൽ കുളത്തിൽ ഇപ്പോൾ ഇപ്പോൾ നിറയെ മദ്യക്കുപ്പികളും മാലിന്യങ്ങളുമാണ്. പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി.
സംരക്ഷണ ഭിത്തിയില്ല
കുളത്തിന് സംരക്ഷണഭിത്തിയില്ലാത്തത് അപകടസാദ്ധ്യതയും സൃഷ്ടിക്കുന്നു. പ്രദേശവാസിയായ ഒരു കുട്ടി അടുത്തിടെ കുളത്തിൽ വീണിരുന്നു. ആളുകൾ കണ്ടതിനാലാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. നാലുവർഷം മുൻപ് കുറച്ച് ഭാഗത്ത് ഭിത്തികെട്ടിയെങ്കിലും അതു പൊളിഞ്ഞുപോയി. മാലിന്യങ്ങളും പാഴ്ചെടികളും പായലും നീക്കി സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുളം വൃത്തിയാക്കി സംരക്ഷിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണം
അഴകേശൻ, പ്രദേശവാസി
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരിക്കാനാവശ്യമായ കരാർ എല്ലാം നടപടികൾ പൂർത്തിയായി. ഉടൻ തന്നെ പണികൾ ആരംഭിക്കും. ആറുലക്ഷത്തോളം രൂപയാണ് ചാലിൽ കുളത്തിന്റെ നവീകരണത്തിനായി ഉപയോഗിക്കുന്നത് -ഗിരിജ സന്തോഷ് , കൗൺസിലർ, കടവൂർ ഡിവിഷൻ