palam
നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ - പേഴുംതുരുത്ത് പാലം

കൊല്ലം: പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ കരാർ കാലാവധി പുതുക്കി കെ.ആർ.എഫ്.ബിയും കരാർ കമ്പനിയും ധാരണാപത്രം ഒപ്പിട്ടു. നേരത്തെ നീട്ടിനൽകിയ കരാർ കാലാവധി അവസാനിച്ച കഴിഞ്ഞ മാർച്ച് മുതൽ 18 മാസത്തേക്കാണ് നിർമ്മാണ കാലാവധി നീട്ടിയത്.

കരാർ കാലാവധി പുതുക്കാത്തതിനൊപ്പം ബില്ലുകൾ മാറിക്കിട്ടാത്തതിനാലും കരാർ കമ്പനി നിർമ്മാണം നിറുത്തിവയ്ക്കാനൊരുങ്ങത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി നടപടി വേഗത്തിലാക്കിയത്.

കരാർ കമ്പനി മാറിക്കിട്ടാനുള്ള 4.5 കോടിയുടെ ബിൽ കെ.ആർ.എഫ്.ബി ഫണ്ടിംഗ് ഏജൻസിയായ കിഫ്ബിക്ക് കൈമാറി. കരാർ കാലാവധി പുതുക്കാത്തതിനാൽ ബില്ലുകൾ മാറാനുള്ള ഫയൽ കിഫ്ബിക്ക് കൈമാറാൻ കഴിയാത്ത അവസ്ഥയായിരുന്നു. കരാർ കാലാവധി നീട്ടിനൽകാൻ ആഗസ്റ്റ് ആദ്യവാരം സർക്കാർ അനുമതി നൽകിയെങ്കിലും കരാർ പുതുക്കി ഒപ്പിടുന്നത് വൈകുകയായിരുന്നു.

നിർമ്മാണം വേഗത്തിലാകാൻ ബിൽ മാറണം

ബില്ലുകൾ കൂടി മാറിലഭിച്ചാലേ നിർമ്മാണം വേഗത്തിലാകൂ. പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്ലാബുകൾ റോപ്പ് ഉപയോഗിച്ച് താങ്ങിനിറുത്താനുള്ള രണ്ട് പൈലോണുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മദ്ധ്യഭാഗത്തെ മൂന്ന് സ്ലാബുകളുടെ നിർമ്മാണമാണ് ഇനി നടക്കേണ്ടത്. ഒരു ഗാന്ററി ക്രെയിനും ഷട്ടറും മാത്രം ഉപയോഗിച്ചാൽ സ്ലാബുകൾ പൂർത്തിയാകാൻ രണ്ട് വർഷമെടുക്കും. രണ്ട് സെറ്റ് ഗാന്ററി ക്രെയിനും ഷട്ടറും എത്തിച്ചാൽ വേഗത്തിൽ പൂർത്തിയാക്കാം. സർക്കാരിൽ നിന്ന് പണം ലഭിച്ചാലേ കൂടുതൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ കഴിയൂവെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.

കാലാവധി 18 മാസം കൂടി നീട്ടി കരാർ കമ്പനിയുമായുള്ള ധാരണപത്രം കഴിഞ്ഞ ദിവസം പുതുക്കി ഒപ്പിട്ടു. കരാർ കമ്പനിയുടെ ബില്ലുകൾ മാറാനുള്ള ഫയൽ കിഫ്ബിക്ക് കൈമാറി.

കെ.ആർ.എഫ്.ബി അധികൃതർ