
കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധിസേവാ പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും മുൻ സാമൂഹ്യനീതി ജില്ലാ ഓഫീസറുമായ ബി.മോഹനന് നൽകി. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ഗാന്ധിജയന്തി സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സ്വാമി കൃഷ്ണാനന്ദ പുരസ്കാരം സമ്മാനിച്ചു.
നിരാലംബർക്കായി നിസ്വാർത്ഥനായി പ്രവർത്തിക്കുന്നതിലൂടെ പ്രാർത്ഥനാപൂർണമായ ജീവിതമാണ് മോഹനൻ നയിക്കുന്നതെന്ന് കൃഷ്ണാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, ചെയർപേഴ്സൺ ഷാഹിദ കമാൽ, സാഹിത്യകാരൻ എഴുകോൺ സന്തോഷ്, സംഘം സെക്രട്ടറി ബി.സ്വാമിനാഥൻ, വർക്കല മോഹൻദാസ്, പാത്തല രാഘവൻ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ഹരീന്ദ്രൻ കളപ്പില, ഉണ്ണി പുത്തൂർ, ക്ലാപ്പന സുരേഷ് എന്നിവർ സംസാരിച്ചു.
25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതായിരുന്നു പുരസ്കാരം. എഴുകോൺ സ്വദേശിയായ മോഹനൻ സാമൂഹ്യ നീതി വകുപ്പിൽ കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട ലെയ്സൺ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.