photo
പുലമൺ പാലത്തിന് സമീപം തോടിന്റെ വശം ഇടിഞ്ഞു തള്ളിയപ്പോൾ

കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയൻ പുലമൺ തോടിന്റെ പുനരുജ്ജീവന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തോടിന്റെ വശം ഇടിഞ്ഞു തള്ളി. സമീപത്തെ കെട്ടിടത്തിനും വൈദ്യുത പോസ്റ്റിനും ഭീഷണിയായി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പുലമൺ പാലത്തോട് ചേരുന്ന ഭാഗത്താണ് ഒരു വശം ഇടിഞ്ഞു തള്ളിയത്. ഇവിടെ തോട്ടിലേക്ക് തുറക്കുന്ന ഓടയുള്ള ഭാഗമാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ഓടയിൽക്കൂടി വലിയ തോതിൽ വെള്ളച്ചാട്ടവുമുണ്ടായി. പുലമൺ നാഥൻ ബിൽഡിംഗിന്റെ മുൻഭാഗമാണ് അടർന്ന് തോട്ടിലേക്ക് പതിച്ചത്. ഈ കെട്ടിടത്തിനും മുന്നിലെ വൈദ്യുത പോസ്റ്റിനുമാണ് ഇനിയും അപകടാവസ്ഥയുള്ളത്.

മാലിന്യം നീങ്ങി, തോട് വൃത്തിയാകുമ്പോൾ

മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയിൽ ഇന്നലെ നടത്തിയത് പുലമൺ തോടിന്റെ പുനരുജ്ജീവന പ്രഖ്യാപനവുംകൂടി നടത്തിക്കൊണ്ടാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ തോട് വൃത്തിയാക്കൽ ജോലികൾ നടത്തിയിരുന്നു. ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തത് പാലത്തോട് ചേർന്നുള്ള കൽക്കെട്ടുകൾക്ക് ദോഷമായിട്ടുണ്ടാകും. ഇതാണ് കെട്ട് ഇടിയാൻ കാരണമായത്.