കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഹൈടെക് ആക്കാൻ 12 കോടിയുടെ പദ്ധതികൾ. നിലവിലുള്ള കെട്ടിടം നിലനിറുത്തിക്കൊണ്ടുതന്നെ പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി തയ്യാറാക്കിയ രൂപരേഖ വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറും മന്ത്രി കെ.എൻ.ബാലഗോപാലും വിലയിരുത്തി. ഡിസൈൻ ഇരുവർക്കും ഇഷ്ടപ്പെട്ടതിനാൽ തുടർ നടപടികൾ ഉടൻ തുടങ്ങാനാകും.നേരത്തെ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി 7 കോടി രൂപ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണത്തിനായി നീക്കിവച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ ഡിസൈൻ പ്രകാരമുള്ള തുക അനുവദിക്കുന്നത്.
കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര. അതിനാൽ ഈ ബസ് സ്റ്റാൻഡിന് കൂടുതൽ പ്രാധാന്യമുണ്ട്. ആർ.ബാലകൃഷ്ണ പിള്ളയുടെ കാലത്തുതന്നെ സംസ്ഥാനത്തെ മികച്ച ട്രാൻ.ഡിപ്പോകളിൽ ഒന്നായി കൊട്ടാരക്കര ഡിപ്പോ മാറിയിരുന്നു. ചെങ്ങറ സുരേന്ദ്രൻ എം.പിയായിരുന്നപ്പോൾ ബസ് ഷെഡും പി. ഐഷാപോറ്റി എം.എൽ.എ ആയിരിക്കവെ ഗാരേജ് കെട്ടിടവും നിർമ്മിച്ചിരുന്നു.
പ്രീഫാബ് സാങ്കേതിക വിദ്യ
സോളാർ പാനൽ സ്ഥാപിക്കും
പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായാൽ സോളാർ പാനൽ സ്ഥാപിക്കും. ഡിപ്പോയിലേക്ക് ആവശ്യമായ വൈദ്യുതി ഇതിൽ നിന്ന് ഉത്പാദിപ്പിക്കും. അധികം വരുന്നത് മറ്റ് സംവിധാനങ്ങൾക്കും ഉപയോഗിക്കാം. എം.പി ഫണ്ട് ഇക്കാര്യത്തിൽ ലഭ്യമാക്കാനായി കൊടിക്കുന്നിൽ സുരേഷ് എം.പിയോട് കെ.ബി.ഗണേശ് കുമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
സ്മാർട്ട് സാറ്റർഡേ പദ്ധതി
സ്മാർട്ട് സാറ്റർഡേ പദ്ധതി നടപ്പാക്കി ഡിപ്പോകളിലെ ഓഫീസ് ഭാഗങ്ങൾ വൃത്തിയാക്കി വരികയാണ്. വൃത്തിയുള്ള ടൊയ്ലറ്റുകളും മറ്റ് സംവിധാനങ്ങളുമൊരുക്കും. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിത്തന്നെ ഉടൻ ഇവ നടപ്പാക്കാക്കും.