കരുനാഗപ്പള്ളി: ശങ്കരമംഗലം ഗവ. ഹൈസ്കൂളിൽ ചവറ കെ.എം.എം.എൽ കമ്പനി 10.15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഓഡിറ്റോറിയം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ് ലിഗോറിയസ് സ്കൂൾ സർക്കാർ നിർദേശപ്രകാരം ഗേൾസ് സ്കൂളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് 25 ലക്ഷത്തോളം രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ സ്കൂളിൽ കെ.എം.എം.എൽ നടത്തിയിരുന്നു. അതിന് പുറമെയാണ് ഓഡിറ്റോറിയം നവീകരിച്ചത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ കുട്ടികൾ തന്നെ അവതാരകരായി മാറുന്ന എന്റെ റേഡിയോ പദ്ധതിയുടെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. ചവറയുടെ സാംസ്കാരിക ഉന്നമനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. മോഹനൻ പുന്തലയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.പി. സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ പി. പ്രദീപ്കുമാർ മുഖ്യാതിഥിയായി. കോവിൽത്തോട്ടം ഇടവക വികാരി ഫാ: മിൽട്ടൺ ജോർജ്ജ്, കെ.എം.എം.എൽ പബ്ലിക് റിലേഷൻസ് ഓഫീസർ പി.കെ. ഷബീർ, മദർ പി.ടി.എ പ്രസിഡന്റ് ഷെമ്മി തടത്തിൽ, പി.ടി.എ പ്രസിഡന്റ് രാജി സജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് എ അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക ടി.ഡി. ശോഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്. രാജേന്ദ്രൻ നന്ദിയും പറഞ്ഞു