കൊല്ലം: ജില്ല അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ അത്‌ലറ്റിക് അവാർഡ് നൈറ്റ് പ്രൗഢഗംഭീരമായി. സിനിമ നിർമ്മാതാവും വ്യവസായിയുമായ അജിത്ത് വിനായക, അസോ. പ്രസിഡന്റ് ബി.പ്രേമാനന്ദ്, സെക്രട്ടറി ഡോ. ജെ.ജയരാജ്, സ്റ്റാർ നൈറ്റ് കമ്മിറ്റി ചെയർമാൻ വി.ജെ.സുനിൽകുമാർ, രക്ഷാധികാരികളായ കെ.രഘുനാഥൻ, ഡി.അജയൻ, കെ.രാമഭദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

കഠിനമായ പരിശീലനത്തിലൂടെയാണ് മികച്ച കായികതാരങ്ങൾ ഉണ്ടാകുന്നതെന്നും അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം ഭാവിയിലേക്കുള്ള പ്രചോദനമാണെന്നും ബി.പ്രേമാനന്ദ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടുകയും ചെയ്ത മുഹമ്മദ് അനീസ് യാഹിയ, കോച്ച് അൻസാർ കൊല്ലത്തിന്റെ ലെജൻഡറി അത്‌ലറ്റ് കെ.രഘുനാഥൻ, ദീർഘകാലം അത്‌ലറ്റിക്സ് സംഘാടകനും ഒഫീഷ്യലുമായിരുന്ന ഇ.താജുദ്ദീൻ, അജിത്ത് വിനായക എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ ദിവസം സമാപിച്ച ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ അത്‌ലറ്റിക് മീറ്റിലെ വിജയികൾക്ക് രാജ്യത്ത് ആദ്യമായി കാഷ് അവാർഡ് നൽകുന്നതായിരുന്നു പ്രധാന സവിശേഷത. കൂടാതെ ഓരോ കാറ്റഗറിയിലും ഏറ്റവും മികച്ച കായികതാരത്തിന് 10000 രൂപ വീതം ക്യാഷ് അവാർഡും നൽകി. ഓവറാൾ ചാമ്പ്യൻഷിപ്പ് അഞ്ചൽ സെന്റ് ജോൺസ് കോളേജും (ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ട്രോഫി ), ഓവറാൾ റണ്ണേഴ്‌സ് അപ്പ് പുനലൂർ എസ്.എൻ കോളേജും (മഹാലക്ഷ്‌മി സുധീർ ട്രോഫി) ഏറ്റുവാങ്ങി.

തകർത്താടി താരനിശ

ഡാൻസും പാട്ടും കോമഡിയുമായി വേറിട്ട അനുഭവമാണ് അവാർഡ് നൈറ്റിന്റെ ഭാഗമായ താരനിശ കാണികൾക്ക് സമ്മാനിച്ചത്. ടീം അളിയൻസിന്റെ നൃത്തവിസ്മയം വേദിയെ ഇളക്കിമറിച്ചു. ആര്യ ദയാൽ, സിദ്ധാർത്ഥ് മേനോൻ, ജാസിം ജമാൽ എന്നിവരാണ് നിറഞ്ഞ സദസിനായി സംഗീത വിരുന്ന് ഒരുക്കിയത്. മിഡോറി ബാൻഡിന്റെ പവർഫുൾ പെർഫോമൻസ് എല്ലാവരെയും ഒരുപോലെ ആവേശത്തിലാക്കി. താരനിശയിൽ ചിരിയുടെ മാലപ്പാടക്കം തീർക്കാൻ കോമഡി സ്കിറ്റുകളുമായി രമേശ് പിഷാരടിയും എത്തിയിരുന്നു. ബഡായി ബംഗ്ലാവ് ഫെയിം ആര്യയായിരുന്നു അവതാരക. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച അവാർഡ് നിശ രാത്രി പത്തോടെ സമാപിച്ചു.