ss

കൊല്ലം: ജില്ലയിലെത്തുന്ന മേഖലാ (റഫറൽ) കന്നുകാലി വന്ധ്യതാ നിവാരണ കേന്ദ്രം (ആർ.എൽ.എഫ്.എം.സി) ക്ഷീരകർഷകർക്ക് ആശ്വാസമാകും. പ്രാരംഭ ഘട്ടത്തിൽ ചിതറയിലെ തിരഞ്ഞെടുക്കപ്പെട്ട വെറ്ററിനറി സെന്ററുകളുടെ കീഴിലെ ക്ഷീരകർഷകർക്കാണ് സേവനം ലഭ്യമാവുക.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് കേരള കന്നുകാലി വികസന ബോർഡിലൂടെയാണ് (കെ.എൽ.ഡി) പദ്ധതി നടപ്പാക്കുന്നത്. ഭ്രൂണമാറ്റ പ്രക്രിയയിലൂടെ നല്ലയിനം പശുക്കുട്ടികളെ ഉത്പാദിപ്പിക്കുന്നതിന് സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും സജ്ജമാക്കും. റഫറൽ കേന്ദ്രമായാണ് ആർ.എൽ.എഫ്.എം.സി പ്രവർത്തിക്കുക. വന്ധ്യതയുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥലത്തെ വെറ്ററിനറി ഡോക്ടർ റഫർ ചെയ്ത കേസുകൾ മാത്രമേ പരിഗണിക്കൂ.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. ചിതറ കൂടാതെ കോട്ടയത്തെ തലയോലപ്പറമ്പിലും കേന്ദ്രം ആരംഭിക്കും. ജില്ലയിൽ ആർ.എൽ.എഫ്.എം.സിയുടെ ഉദ്ഘാടനവും സഞ്ചരിക്കുന്ന ഐ.വി.എഫ് ആൻഡ് ഇ.ടി ലബോറട്ടറികളുടെ ഫ്ലാഗ് ഓഫ് കർമ്മവും നാളെ വൈകിട്ട് 5ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും.

കർഷകർക്ക് സേവനം വീട്ടുപടിക്കൽ

 രോഗനിർണയത്തിനും ചികിത്സയ്ക്കും അത്യാധുനിക ഉപകരണങ്ങൾ

 സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറി

 ഭ്രൂണമാറ്റ ഐ.വി.എഫ് സാങ്കേതിക വിദ്യകളുടെ സേവനം കർഷകർക്ക് വീട്ടുപടിക്കൽ

 മേഖലകൾ ക്രമപ്പെടുത്തി റൂട്ട് മാപ്പ്

 ചികിത്സാ ദിവസം മുൻകൂട്ടി അറിയിക്കും

 സ്ഥലത്തെ വെറ്ററിനറി ഡോക്ടറുടെ സേവനും ലഭിക്കും

 ഡോക്ടർക്കും കർഷകർക്കും പരിപാലന - തുടർചികിത്സാ നിർദ്ദേശങ്ങൾ

 പ്രത്യുൽപ്പാദന ക്ഷമതയിൽ വർദ്ധനവുണ്ടാക്കി പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുക

ചികിത്സയ്ക്ക് തിരഞ്ഞെടുക്കുന്നത്

 പ്രസവശേഷം (100 ദിവസം) മദി ലക്ഷണം കാണിക്കാത്തവ

 രണ്ടുവർഷം കഴിഞ്ഞിട്ടും മദി ലക്ഷണം കാണിക്കാത്തവ

 കൃത്രിമ ബീജസങ്കലനം ചെയ്യാത്തവ

 മൂന്നുതവണ കൃത്രിമ ബീജസങ്കലനം കഴിഞ്ഞിട്ടും ചെനയേൽക്കാത്തവ

ഭ്രൂണമാറ്റ ഐ.വി.എഫ് സാങ്കേതിക വിദ്യകളുടെ സേവനം ആദ്യഘട്ടത്തിൽ ചടയമംഗലം ബ്ലോക്കിൽ മാത്രമാകും ലഭ്യമാക്കുക. വൈകാതെ ജില്ലയിൽ വ്യാപിപ്പിക്കും.

ഡോ.ആർ.രാജീവ്, എം.ഡി,

കേരള കന്നുകാലി വികസന ബോർഡ്