കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മാണത്തിന് വാങ്ങാൻ ലക്ഷ്യമിടുന്ന കൊല്ലം മുണ്ടയ്ക്കലെ ഭൂമിയുടെ വില നിർണയ റിപ്പോർട്ട് കൊല്ലം തഹസിൽദാരോട് വീണ്ടും ആവശ്യപ്പെട്ട് കളക്ടർ. കളക്ടർ ഇടയ്ക്ക് ചുമതലപ്പെടുത്തിയ എൽ.എ ഡെപ്യൂട്ടി കളക്ടറും സ്പെഷ്യൽ തഹസിൽദാർ ഓഫീസും അടങ്ങുന്ന സംഘം മുൻ തഹസിൽദാരും മുൻ മുണ്ടയ്ക്കൽ വില്ലേജ് ഓഫീസറും നിശ്ചയിച്ചതിനേക്കാൾ ഉയർന്ന വില നിർണയിച്ച സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
തഹസിൽദാർ നിലവിലെ മുണ്ടയ്ക്കൽ വില്ലേജ് ഓഫീസറോട് മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിയുടെ വില നിർണയിച്ച് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാദ്ധ്യത. വില്ലേജ് ഓഫീസറുടെ വിലനിർണയം അടിസ്ഥാനമാക്കി തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകും. ഡെപ്യൂട്ടി കളക്ടർ- സ്പെഷ്യൽ തഹസിൽദാർ സംഘത്തിന്റെ വില നിർണയ റിപ്പോർട്ടും കൊല്ലം തഹസിൽദാരുടെ റിപ്പോർട്ടും തമ്മിൽ അന്തരമില്ലെങ്കിൽ അത് അടിസ്ഥാനമാക്കി ഭൂവുടമയുമായി കളക്ടർ ചർച്ച നടത്തും. പുതിയ വിലയിൽ ഉടമ തൃപ്തനാണെങ്കിൽ വില അന്തിമമാക്കി സർക്കാരിന് റിപ്പോർട്ട് നൽകും.
വലിയ മാറ്റമെന്ന് സൂചന
നേരത്തെ വില്ലേജ് ഓഫീസറും തഹസിൽദാരും പരിഗണിച്ചതിനേക്കാൾ സമീപത്തെ കൂടുതൽ പ്രമാണങ്ങൾ പരിശോധിച്ചാണ് എൽ.എ ഡെപ്യൂട്ടി കളക്ടർ വില നിർണയിച്ചിരിക്കുന്നത്. മുൻ വില്ലേജ് ഓഫീസർ 3.29 ഹെക്ടർ ഭൂമിക്ക് 17.68 കോടിയാണ് വില നിശ്ചയിച്ചത്. മുൻ തഹസിൽദാരും ഇതേ റിപ്പോർട്ട് തന്നെ കളക്ടർക്ക് നൽകി. എന്നാൽ പുതിയ വില 25 കോടിക്ക് മുകളിലെന്നാണ് സൂചന. നിലവിലെ തഹസിൽദാരും സമാനമായ റിപ്പോർട്ട് നൽകിയാൽ മുൻ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക നിയമോപദേശം തേടാനും സാദ്ധ്യതയുണ്ട്.