
കൊല്ലം: കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ ലോറികളുടെ കാലിത്തൂക്കം കുറച്ചുകാണിച്ച് സപ്ലൈകോയ്ക്ക് കൈമാറുന്ന ഭക്ഷ്യധാന്യം വെട്ടിക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ സൗത്ത് സോൺ കെ.വി.മോഹൻകുമാർ എഫ്.സി.ഐ കൊല്ലം കൊമേഴ്സ്യൽ മാനേജരോടും ജില്ലാ സപ്ലൈ ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ടിന് പുറമേ, എഫ്.സി.ഐ ഗോഡൗണുകളിലെ വേ ബ്രിഡ്ജ് ബില്ലിംഗ് സോഫ്ട് വെയറുമായി ബന്ധിപ്പിക്കണമെന്നും ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ എഫ്.സി.ഐ ജില്ലാ കൊമേഴ്സ്യൽ മാനേജരോട് ആവശ്യപ്പെട്ടു. നിലവിൽ വേ ബ്രിഡ്ജിലെ തൂക്കം മാനുവലായാണ് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നത്. ഈ പഴുത് ഉപയോഗിച്ചാണ് ലോറിയിൽ കാലിത്തൂക്കം കുറച്ചുകാണിച്ച് സപ്ലൈകോയ്ക്ക് കൈമാറുന്ന ഭക്ഷ്യധാന്യം കുറയ്ക്കുന്നത്. വേ ബ്രിഡ്ജിലെ തൂക്കം കാണാൻ കഴിയുന്ന തരത്തിൽ ഡിസ്പ്‌ളേ യൂണിറ്റുമില്ല.
തൂക്കം പെരുപ്പിച്ചും തട്ടിപ്പ്
കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ ഭക്ഷ്യധാന്യം കയറ്റിയ ശേഷമുള്ള ഭാരം ട്രക്ക് ചിറ്റ് റിപ്പോർട്ടിൽ പെരുപ്പിച്ച് കാട്ടിയും തട്ടിപ്പ്
 ക്രമക്കേട് സ്ഥിരീകരിച്ചത് കഴിഞ്ഞ 29ന് ഭക്ഷ്യധാന്യം കയറ്റിയ ലോറികളിൽ
 ഒരു ലോഡിൽ 10 മെട്രിക് ടൺ ഭക്ഷ്യധാന്യം
 കയറ്റുന്നത് 205 ചാക്കുകൾ
 ഒരു ചാക്കിന്റെ യഥാർത്ഥഭാരം 50 കിലോ
 ചാക്കിലെ സുഷിരങ്ങളിലൂടെ ചോർച്ചയുണ്ടാകും
 എഫ്.സി.ഐയിൽ എത്തുന്ന ചാക്കുകളിൽ 50 കിലോ ഉണ്ടാകില്ല
 കഴിഞ്ഞ 29ന് കയറ്റിയ ലോഡിലെ ചാക്കുകൾക്ക് അസ്വാഭാവിക തൂക്കം
 മൂന്ന് ലോഡുകളിലെ ചാക്കുകളുടെ ശരാശരി തൂക്കം 50 കിലോയ്ക്ക് മുകളിൽ
എഫ്.സി.ഐയിലെ വെട്ടിപ്പിലൂടെ ഭക്ഷ്യധാന്യം നഷ്ടമാകുന്നത് തടയും. ഇത് മറയാക്കി സപ്ലൈകോ ജീവനക്കാർ ക്രമക്കേട് നടത്താതിരിക്കാനുമാണ് ഇടപെടൽ.
കെ.വി.മോഹൻകുമാർ
ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ സൗത്ത് സോൺ