കൊല്ലം: നഗരഹൃദയം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. ചിന്നക്കട റൗണ്ടിന് സമീപം ഉപേക്ഷിച്ച പഴയ റെയിൽപ്പാതയുടെ കുഴിയിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം തള്ളുന്നത് പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല.
കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ അസഹ്യ ദുർഗന്ധം സഹിച്ചാണ് ജനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. കാൽനട യാത്ര ഏറെ ദുസഹമാണ്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ഡയറപ്പറുകളും ബാർബർ ഷോപ്പുകളിൽ നിന്നും അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നുമുള്ള മാലിന്യങ്ങളുമാണ് കെട്ടികിടക്കുന്നത്.
രാപകൽ വ്യത്യാസമില്ലാതെ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. പാഴ്ച്ചെടികളടക്കം വളർന്ന് കാടുമൂടിയ ഇവിടെ രാത്രിയും പുലർച്ചെയുമാണ് മാലിന്യം തള്ളൽ. പ്രദേശത്ത് രാത്രിയിൽ വെളിച്ചമുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മാലിന്യം തള്ളാൻ കാരണമെന്ന് നാട്ടുകാ ആരോപിക്കുന്നു. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമാണിത്.
മഴയത്ത് ഇരട്ടി ദുരിതം
 മഴയത്ത് കെട്ടിക്കിടക്കുന്ന മാലിന്യം അഴുകി സ്ഥിതി രൂക്ഷമാകും
 ജില്ലയിൽ പകർച്ചവ്യാധി ഭീഷണി മുറുകുന്നു
 നഗരഹൃദയത്തിൽ ഉയരുന്നത് മാലിന്യമല
മാലിന്യം തള്ളുന്നിടങ്ങൾ
 വാടി
 പള്ളിത്തോട്ടം
 ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് സമീപം
 കപ്പലണ്ടി മുക്ക്
 കൊല്ലം ബീച്ച്
 ചിന്നക്കട മേൽപ്പാലത്തിന് താഴെ
ചരിത്രമുള്ള റെയിൽവേ ലൈൻ
പഴയ കുഞ്ഞമ്മ പാലത്തിന് (ഇന്നത്തെ ചിന്നക്കടപ്പാലം) അടിവശത്തുകൂടി തിരുവിതാംകൂറിൽ പെട്രോൾ വിതരണം ചെയ്തിരുന്ന ബർമ ഷെൽ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഹെഡ് ഓഫീസ് പ്രവർത്തിച്ചിരുന്ന പുള്ളിക്കടവരെ നീളുന്നതായിരുന്നു ഈ റെയിൽവേ ലൈൻ. ബർമയിൽ നിന്ന് മദിരാശി തുറമുഖത്ത് ഇറക്കുന്ന ഓയിൽ ട്രെയിനിലായിരുന്നു കൊല്ലത്ത് എത്തിച്ചിരുന്നത്.
ശ്വാസം അടക്കിപ്പിടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. ഇതൊക്കെ കണ്ണുതുറന്നു കാണാൻ അധികൃതർ ശ്രമിക്കണം.
ബിന്ദു, കാൽനട യാത്രിക
ഇത്രയും തിരക്കും വെളിച്ചവുമുള്ള ഇവിടെ മാലിന്യം തള്ളുന്നത് അധികൃതർ കാണുന്നില്ലേ. മാലിന്യം തള്ളുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം.
മണികണ്ഠൻ , യാത്രകാരൻ