
കൊല്ലം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് മുന്നിൽ കരാറുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ പങ്കുവച്ച് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. അടിക്കടിയുള്ള ട്രഷറി നിയന്ത്രണവും ഉദ്യാഗസ്ഥരുടെ വിവേകശൂന്യമായ നടപടികളും സർക്കാർ കരാറുകാരുടെ ജീവതത്തെയും തൊഴിലിനെയും ദുരിതപൂർണമാക്കിയിരിക്കുകയാണെന്ന് അസോ. ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ വലിയൊരു വിഭാഗം ബില്ലുകൾ ഇതുവരെ മാറിക്കിട്ടിയിട്ടില്ല. എന്നാൽ മാർച്ചിന് ശേഷം നൽകിയ ചില ബില്ലുകൾ മാറി. ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയാണ് ഇതിന് കാരണം. 2024 മാർച്ച് വരെ ബി.ഡി.എസ് സൗകര്യം അനുവദിച്ചിരുന്നെങ്കിലും എല്ലാ കരാറുകാർക്കും ലഭ്യമായില്ല.
സെപ്തംബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകളുടെ പരിധി അഞ്ചുലക്ഷമായി നിജപ്പെടുത്തിയത് ഇരുട്ടടിയാണ്. ബി.ഡി.എസിനും ഈ നിബന്ധന ഏർപ്പെടുത്തിയതോടെ ഏറ്റെടുത്ത പ്രവൃത്തികളും മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയാണ്. ബിൽ മാറുന്നതിലെ കാലതാമസം പഴുതാക്കി ചില എൻജിനിയർമാർ എം ബുക്ക് തയ്യാറാക്കുന്നത് ബോധപൂർവം വൈകിപ്പിക്കുന്നു. അന്നന്ന് തയ്യാറാക്കേണ്ട എം ബുക്ക് ഒരുമിച്ച് തയ്യാറാക്കുന്നത് ഗുരുതര ക്രമക്കേടുകൾക്ക് ഇടയാക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ മന്ത്രിക്ക് കൊടുത്ത നിവേദനത്തിൽ പറയുന്നു.
അസോ. ജില്ലാ പ്രസിഡന്റ് എസ്.ബൈജു, സെക്രട്ടറി എസ്.ദിലീപ്കുമാർ, ട്രഷറർ സുരേഷ് ആഞ്ജനം, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നൽകിയത്.