കൊല്ലം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എസ്.സുധീശന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും സുഹൃദ് സദസും നാളെ വൈകിട്ട് 3ന് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. കവി എ.അയ്യപ്പന്റെ ആത്മകഥാംശം കലർന്ന 'ഒസ്യത്തിൽ ഇല്ലാത്ത രഹസ്യങ്ങൾ' എന്ന കൃതിയുടെ മൂന്നാം പതിപ്പും എസ്.സുധീശനെക്കുറിച്ച് ഡോ. നടയ്ക്കൽ ശശി എഡിറ്റ് ചെയ്ത അറുപതിലേറെ പ്രമുഖരുടെ ലേഖന സമാഹരമായ 'എസ്.സുധീശൻ - വാർത്തകൾക്കിടയിലെ എഴുത്തും ജീവിതവും' എന്ന കൃതിയുമാണ് പ്രകാശനം ചെയ്യുന്നത്.
മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ലേഖന സമാഹാരം എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രകാശനം ചെയ്യും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പുസ്തകം സ്വീകരിക്കും. നോവൽ മൂന്നാം പതിപ്പ് മേയർ പ്രസന്ന ഏണസ്റ്റ് പ്രകാശനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം സ്വീകരിക്കും. ശൂരനാട് രാജശേഖരൻ അദ്ധ്യക്ഷനാകും. സുഹൃദ് സദസ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.ഷാനവാസ് ഖാൻ അദ്ധ്യക്ഷനാകും. കോഴിക്കോട് ഹരിതം ബുക്സാണ് പ്രസാധകർ.