
കൊല്ലം: കർഷകരുടെ ക്ഷേമം ഉറപ്പാക്കി കേന്ദ്ര സർക്കാരിന്റെയും ദേശീയ ക്ഷീരവികസന ബോർഡിന്റെയും സഹായത്തോടെ ജില്ലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പൃഥ്വി ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കല്ലട രമേശ്.
ജില്ലാ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന പൃഥ്വി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ രണ്ടാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷികോത്പന്നങ്ങളുടെ ഉത്പാദന വർദ്ധനവിനും വൈവിദ്ധ്യവത്കരണത്തിനും കൃഷിയിൽ നൂതന
സാങ്കേതിക വിദ്യകൾ ഉപയുക്തമാക്കി കൃഷി ലാഭകരമാക്കുന്നതിനും സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ പൃഥ്വി ഫാർമർ പ്രൊഡ്യൂസർ കമ്പനിയിലെ അംഗങ്ങളായ ഷെയർ ഹോൾഡേഴ്സിന് ലഭ്യമാക്കുമെന്നും കല്ലട രമേശ് പറഞ്ഞു.
ജില്ലയിലെ മുതിർന്ന കർഷകൻ എസ്.ജോസഫിനെ ചടങ്ങിൽ ആദരിച്ചു. പൃഥി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർമാർ, സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ, സിസ്സ പ്രതിനിധി ഹരികുമാർ, കമ്പനി ചീഫ് എക്‌സി. ഓഫീസർ ഹരിഹരൻ, അക്കൗണ്ടന്റ് നിർമ്മൽ.കെ.മോഹൻ, കമ്പനി ഷെയർ ഹോൾഡർമാർ എന്നിവർ പങ്കെടുത്തു. ഡയറക്ടർ കണ്ണങ്കോട് സുധാകരൻ നന്ദി പറഞ്ഞു.