കൊല്ലം: പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പട്ടികജാതി സംവരണം തകർക്കുന്ന സുപ്രീം കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഭരണഘടനാഭേദഗതി കൊണ്ടു വരുക, രാജ്യത്ത് ജാതി സെൻസസ് നടത്തുക, സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്താൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ധർണ പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി.ജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു.കെ പന്മന, സന്തോഷ് മതിര, എൻ.ഓമന, കെ.എസ്.കെ.ടി.യു നേതാക്കളായ പി.വി.സത്യൻ, എ.പുഷ്പരാജൻ എന്നിവർ സംസാരിച്ചു. ഗോപാലൻ നന്ദി പറഞ്ഞു.