
കൊല്ലം: പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഗ്രാമീണ മേഖലയിൽ 10765 വീടുകൾ അനുവദിച്ച് കേന്ദ്ര മന്ത്രാലയം ഉത്തരവായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
പോക്‌സോ കേസുകളുടെ ശിക്ഷാ നിരക്ക് കുറയാനുള്ള കാരണങ്ങൾ വിലയിരുത്തി നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം പ്രകാരം സബ്‌സിഡി അനുവദിക്കുന്ന തുക ഗുണഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് കൈമാറാൻ അടിയന്തര നടപടി ആവശ്യപ്പെടും.
എൻ.കെ പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. പരവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ പി.ശ്രീജ, കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വത്സല കുമാരി, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു, പി.ഹരികുമാർ, പ്രോജക്ട് ഡയറക്ടർ ബി.ശ്രീബാഷ്, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
2025ൽ ക്ഷയരോഗ നിവാരണം
2025 ഓടെ ജില്ലയെ ക്ഷയരോഗ നിവാരണ ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടി ത്വരിതപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ക്ഷയ രോഗ പരിശോധനയ്ക്കായി 54 നാറ്റ് ടെസ്റ്റിംഗ് സെന്ററുകളും 54 മൈക്രോസ്‌കോപ്പ് ടെസ്റ്റിംഗ് സെന്ററുകളും സജ്ജികരിച്ചിട്ടുണ്ട്.
പരിശോധന സൗജന്യം
 6 മാസം 650 രൂപ വരെ പ്രതിമാസ ചെലവുള്ള മരുന്നുകൾ സൗജന്യം
 മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗമുള്ളവർക്ക് 12 മാസം വരെ ചികിത്സ വേണം
 20 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സ സൗജന്യം
 രോഗം ഭേദമാകുന്നതുവരെ സൗജന്യ ചികിത്സയും പ്രതിമാസം 500 രൂപയും
 രോഗ നിർണ്ണയത്തിനായി താലൂക്ക് ആശുപത്രികളിൽ സൗജന്യ ഇഗ്രാ ടെസ്റ്റ്
 ക്ഷയരോഗവുമായി ബന്ധപ്പെട്ടുള്ള പ്രമേഹത്തിന് സൗജന്യ ചികിത്സ