
കൊല്ലം: ശബരിമല അയ്യപ്പ സേവാസമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചാര സംരക്ഷണ ദിനാചരണവും തിരുവാഭരണ പേടകം ചുമലിലേറ്റുന്ന ഗുരുസ്വാമിമാരെ ആദരിക്കലും നടത്തി. ശബരിമല മുന്നൊരുക്കങ്ങളിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മെല്ലെപ്പോക്കിലും എരുമേലി ക്ഷേത്രത്തിൽ ചന്ദനത്തിന് 10 രൂപ ഈടാക്കാനുള്ള ദേവസ്വം നടപടികളിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
ബാലഗോകുലം മേഖലാ അദ്ധ്യക്ഷൻ എൻ.എസ്.ഗിരീഷ് ബാബു ദീപം തെളിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം മഹാനഗർ പ്രചാർ പ്രമുഖ് ഓലയിൽ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ് ബാബു, ധർമ്മജകരൻ കൊല്ലം വിഭാഗ് സംയോജകൻ മുണ്ടയ്ക്കൽ രാജു, അയ്യപ്പ സേവാസമാജം ജില്ലാ പ്രസിഡന്റ് ജെ.വിജയൻ, ജില്ലാ സെക്രട്ടറി സുനിൽ മങ്ങാട്, ജില്ലാ വൈസ് പ്രസിഡന്റ് എൻ.മണികണ്ഠൻ, അഡ്വ. രാജേഷ് അരവിന്ദ് എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുസ്വാമിമാർ ഹരിവരാസനവും കർപ്പൂരാരതിയും നടത്തി.